പാക് പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

'എന്റെ ഹൃദയം മുഴുവന്‍ നല്‍കിയും, 100 ശതമാനം കഠിനാധ്വാനം ചെയ്തുമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്'
പാക് പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

ലാഹോര്‍: പാകിസ്ഥാന്‍ സ്പീഡ് സ്റ്റാര്‍ ഉമര്‍ ഗുല്‍ വിരമിച്ചു. നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ടി20 കപ്പോടെ ഗ്രൗണ്ട് വിടുമെന്നാണ് ഉമര്‍ ഗുലിന്റെ പ്രഖ്യാപനം. 

2016ലാണ് 36കാരനായ ഉമര്‍ ഗുല്‍ പാകിസ്ഥാന് വേണ്ടി അവസാനം കളിച്ചത്. നാഷണല്‍ ടി20 കപ്പില്‍ ബലോചിസ്ഥാന് വേണ്ടിയാണ് ഉമര്‍ ഗുല്‍ കളിക്കുന്നത്. ഗുല്ലിന്റെ ടീം സതേണ്‍ പഞ്ചാബിനോട് പരാജയപ്പെട്ട് സെമി കാണാതെ പുറത്തായിരുന്നു. 

ഭാരമേറിയ ഹൃദയവുമായി ഏറെ നാളത്തെ ആലോചനക്ക് ശേഷമാണ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എന്റെ ഹൃദയം മുഴുവന്‍ നല്‍കിയും, 100 ശതമാനം കഠിനാധ്വാനം ചെയ്തുമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്. ഇപ്പോഴും എല്ലായ്‌പ്പോഴും ക്രിക്കറ്റ് ആണ് എനിക്ക് പ്രിയപ്പെട്ടത്. എന്നാല്‍ എല്ലാ നല്ലതിനും ഒരു അവസാനമുണ്ട്, ഉമര്‍ ഗുല്‍ ട്വിറ്ററില്‍ കുറിച്ചു. 

2003ലാണ് ഉമര്‍ ഗുല്‍ പാകിസ്ഥാന് വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആ വര്‍ഷം തന്നെ പാകിസ്ഥാന് വേണ്ടി ടെസ്റ്റിലും ഗുല്‍ അരങ്ങേറി. 2013ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 47 ടെസ്റ്റില്‍ നിന്ന് 163 വിക്കറ്റുകള്‍ ഗുല്‍ വീഴ്ത്തി. 130 ഏകദിനങ്ങളില്‍ നിന്ന് 179 വിക്കറ്റും. 60 ട്വന്റി20യില്‍ നിന്ന് 85 വിക്കറ്റും. 

ഭാവി എനിക്ക് വേണ്ടി ഒരുപാട് കരുതി വെച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും, പരിശീലകര്‍ക്കും, എന്റെ ക്രിക്കറ്റ് യാത്രയില്‍ ഭാഗമായ ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും, ആരാധകര്‍ക്കും പ്രത്യേകം നന്ദി പറയുന്നു, ഗുല്‍ ട്വീറ്റ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com