'മാന്ത്രികനായ ഫെര്‍ഗൂസന്‍'- ആവേശപ്പോരില്‍ സൂപ്പറായത് കൊല്‍ക്കത്ത

മാന്ത്രികനായ ഫെര്‍ഗൂസന്‍; ആവേശപ്പോരില്‍ സൂപ്പറായത് കൊല്‍ക്കത്ത
'മാന്ത്രികനായ ഫെര്‍ഗൂസന്‍'- ആവേശപ്പോരില്‍ സൂപ്പറായത് കൊല്‍ക്കത്ത

അബുദാബി: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ സണ്‍റൈേേസാഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സീസണില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയ ലോക്കി ഫെര്‍ഗൂസന്‍ അവസരം ശരിക്കും മുതലെടുത്ത് ടീമിന് നിര്‍ണായക വിജയമൊരുക്കുകയായിരുന്നു. 164 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. 

എന്നാല്‍ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. സൂപ്പര്‍ ഓവറിന്റെ ആദ്യ പന്തില്‍ വാര്‍ണറേയും മൂന്നാം പന്തില്‍ അബ്ദുല്‍ സമദിനേയും ക്ലീന്‍ ബൗള്‍ഡാക്കി ഫെര്‍ഗൂസന്‍ കളി കൊല്‍ക്കത്തയുടെ വരുതിയില്‍ നിര്‍ത്തി. മൂന്ന് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത നാല് പന്തില്‍ ലക്ഷ്യം അനായാസം മറികടന്നു. 

നേരത്തെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടതും ഫെര്‍ഗൂസന്‍ തന്നെയായിരുന്നു. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. 

മികച്ച തുടക്കം ലഭിച്ചിട്ടും ഹൈദരാബാദ് തകര്‍ച്ചയിലേക്ക് വീഴുകായിരുന്നു. ഓപണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും കെയ്ന്‍ വില്യംസണും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 5.2 ഓവറില്‍ സ്‌കോര്‍ 50 കടത്തി. 

എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ വില്യംസണെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഫെര്‍ഗൂസന്‍ ആദ്യ പന്തില്‍ തന്നെ 29 റണ്‍സെടുത്ത വില്യംസണെ പുറത്താക്കി. പിന്നാലെയെത്തിയത് യുവതാരം പ്രിയം ഗാര്‍ഗാണ്. ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്‌സ് ഇന്നിറങ്ങിയത്. പ്രിയം ഗാര്‍ഗിനെ മടക്കി ഫെര്‍ഗൂസന്‍ വീണ്ടും സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. ഇത്തവണ നാലാമനായാണ് ക്യാപ്റ്റന്‍ വാര്‍ണര്‍ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറില്‍ 36 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയും മടങ്ങി. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്.  പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ ക്ലീന്‍ ബൗള്‍ഡാക്കി ഫെര്‍ഗൂസന്‍ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. 

പിന്നീട് 33 പന്തില്‍ 47 റണ്‍സെടുത്ത് വാര്‍ണറും 15 പന്തില്‍ 23 റണ്‍സെടുത്ത് അബ്ദുല്‍ സമദും ഹൈദരാബാദിനെ വിജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും മത്സരം ടൈയില്‍ കലാശിച്ചു. അവസാന ഓവറില്‍ ഹൈദരാബാദിന് 18 റണ്‍സായിരുന്നു ആവശ്യം. റസ്സല്‍ എറിഞ്ഞ ഈ ഓവറില്‍ വാര്‍ണര്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളടക്കം നേടിയെങ്കിലും 163 റണ്‍സിലെത്തിക്കാനെ സാധിച്ചുള്ളു. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്കായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കാര്‍ത്തിക്കും മോര്‍ഗനും ചേര്‍ന്നാണ് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി. കാര്‍ത്തിക്കാണ് കളം നിറഞ്ഞുകളിച്ചത്. അദ്ദേഹം 14 പന്തുകളില്‍ നിന്നും 29 റണ്‍സും മോര്‍ഗന്‍ 23 പന്തുകളില്‍ നിന്നും 34 റണ്‍സും നേടി ഇരുവരും അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 48 റണ്‍സ് നേടി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് നടരാജന്‍ സണ്‍റൈസേഴ്‌സിന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളില്‍ നിന്നും 23 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയെ നടരാജന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ത്രിപാഠിയ്ക്ക് ശേഷം നിതീഷ് റാണ ക്രീസിലെത്തി.

റാണയും ഗില്ലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൊല്‍ക്കത്ത ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 87ല്‍ നില്‍ക്കെ റാഷിദ്ഖാന്‍ ഗില്ലിന്റെ വിക്കറ്റെടുത്ത് കളി വീണ്ടും സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 36 റണ്‍സെടുത്ത ഗില്ലിനെ മനോഹരമായ ഒരു ക്യാച്ചിലൂടെ പ്രിയം ഗാര്‍ഗ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 29 റണ്‍സെടുത്ത റാണയെ പുറത്താക്കി വിജയ് ശങ്കര്‍ കൊല്‍ക്കത്തയ്ക്ക് ഇരട്ടപ്രഹരം ഏല്‍പ്പിച്ചു. 

പിന്നാലെയെത്തിയ റസ്സലിന് ഈ കളിയിലും തിളങ്ങാനായില്ല. വെറും 9 റണ്‍സെടുത്ത റസ്സലിനെ നടരാജന്‍ മടക്കി. മികച്ച  തുടക്കം ലഭിച്ചിട്ടും അത് വലിയ സ്‌കോറിലേക്കെത്തിക്കാന്‍ കൊല്‍ക്കത്തയുടെ മധ്യനിരയ്ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലുള്ള പോലെ ഈ കളിയിലും അത് പ്രകടമായിരുന്നു. 

സണ്‍റൈസേഴ്‌സിന് വേണ്ടി നടരാജന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com