വീണ്ടും പരാജയം; ചെന്നൈയെ തകർത്ത് ഡൽഹി, സെഞ്ചുറിയുമായി ധവാൻ കസറി 

180 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഡൽഹി മറികടന്നു
വീണ്ടും പരാജയം; ചെന്നൈയെ തകർത്ത് ഡൽഹി, സെഞ്ചുറിയുമായി ധവാൻ കസറി 

ഷാർജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും പരാജയം. അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഡൽഹി മറികടന്നു.

സെഞ്ചുറി നേടിയ ശിഖർ ധവാനാണ് ഡൽഹിയുടെ വിജയശിൽപി. 58 പന്തിൽ നിന്ന് ഒരു സിക്‌സും 14 ഫോറുമടക്കം 101 റൺസ് നേടിയ ധവാൻ പുറത്താകാതെ നിന്നു. ഐപിഎല്ലിലെ ധവാന്റെ കന്നി സെഞ്ചുറിയാണിത്. 

ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ (0) നഷ്ടമായി. സ്‌കോർ 26-ൽ എത്തിയപ്പോൾ എട്ടു റൺസുമായി രഹാനെയും മടങ്ങി. മൂന്നാം വിക്കറ്റിൽ ശിഖർ ധവാൻ - ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യമാണ് ഡൽഹി സ്കോർ ഉയർത്തിയത്. 68 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ സ്കോർ ബോർഡിൽ ചേർക്കപ്പെട്ടത്. 

മാർക്കസ് സ്റ്റോയ്‌നിസ് 14 പന്തിൽ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 24 റൺസെടുത്തു. അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമെന്നിരിക്കെ അക്ഷർ പട്ടേലിന്റെ മിന്നുന്ന പ്രകടനമാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിർത്തി കടത്തി വെറും അഞ്ചു പന്തിൽ നിന്ന് 21 റൺസുമായി പുറത്താകാതെ നിന്നു. 

ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. തുടക്കത്തിൽ ഞെട്ടിയ ചെന്നൈ പിന്നീട് ഭേദപ്പെട്ട സ്‌കോറിലേക്കെത്തുകയായിരുന്നു.  47 പന്തിൽ 58 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ടോപ് സ്‌കോറർ. ഡുപ്ലെസിയും വാട്‌സനും ചേർന്ന സഖ്യം 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. വാട്‌സൻ 28 പന്തിൽ 36 റൺസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com