'ബുദ്ധി' ഉപയോ​ഗിച്ച് കളിക്കു; 'തല'യെ ഉപദേശിച്ച് മിയാൻദാദ്

'ബുദ്ധി' ഉപയോ​ഗിച്ച് കളിക്കു; 'തല'യെ ഉപദേശിച്ച് മിയാൻദാദ്
'ബുദ്ധി' ഉപയോ​ഗിച്ച് കളിക്കു; 'തല'യെ ഉപദേശിച്ച് മിയാൻദാദ്

അബുദാബി: ഐപിഎൽ നടപ്പ് സീസണിൽ ഏറ്റവും അധികം വിമർശനം ഏറ്റുവാങ്ങുന്ന താരമാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി. കീപ്പിങ്ങിലെ ചില പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ  ടൂർണമെന്റിൽ ഇതുവരെ ബാറ്റിങ്ങിലോ നായക മികവിലോ ധോനി സ്പെഷലുകൾ ഒന്നും ഉണ്ടായിട്ടില്ല. 

ഒരു വർഷത്തിനു മുകളിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ധോനി ഐപിഎൽ കളിക്കുന്നതിനായി യുഎഇയിലെത്തിയത്. തുടക്കം മുതൽ തന്നെ ധോനിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ധോനിയുടെ കായിക ക്ഷമത സംബന്ധിച്ച് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് നായകൻ ജാവേദ് മിയൻദാദ്.

ധോനിയുടെ ശാരീരിക ക്ഷമതയിൽ സംശയമില്ലെങ്കിലും മാച്ച് ഫിറ്റ്നസ് വർധിപ്പിക്കുന്നതിന് പ്രയത്നിക്കേണ്ടതുണ്ടെന്ന് മിയൻദാദ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ബുദ്ധി ഉപയോഗിച്ചാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്. ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ, പ്രായം നോക്കാതെ നിങ്ങൾക്ക് കളിക്കാൻ കഴിയും. ഒരുപക്ഷേ, പഴയതു പോലെ കളിക്കാനാകില്ല. എന്നാൽ ടീമിന് ഉപയോഗപ്പെടും.’ – മിയൻദാദ് പറഞ്ഞു.

വ്യായാമവും പരിശീലനവും നെറ്റ് പ്രാക്ടീസിങ്ങും വർധിപ്പിക്കുകയാണ് ധോനിയോടുള്ള തന്റെ ഉപദേശമെന്ന് മിയൻദാദ് പറഞ്ഞു. ഉദാഹരണത്തിന്, ഇപ്പോൾ 20 സിറ്റ് അപ്പുകൾ എടുക്കുന്നുണ്ടെങ്കിൽ അത് 30 ആയി ഉയർത്തണം. അഞ്ച് സ്പ്രിന്റുകൾ എന്നത് എട്ടാക്കാം. ബാറ്റിങ് പരിശീലനത്തിനായി ഒരു മണിക്കൂർ നെറ്റ്സിൽ ചെലവഴിക്കുന്നുണ്ടെങ്കിൽ അത് രണ്ട് മണിക്കൂറായി വർധിപ്പിക്കണം. മൂന്ന് ഘട്ടമായി ഇതു ചെയ്താൽ മതി. ധോണി ഇതറിയുന്ന ആളാണ്. ഒരുപക്ഷേ അദ്ദേഹം ഇതിനകം അതു ചെയ്യുന്നുണ്ടാകുമെന്നും ജാവേദ് മിയൻദാദ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com