'ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ കടക്കും, അത് ചെന്നൈക്ക് മാത്രമേ സാധിക്കൂ'; സാധ്യതകള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍ 

ഏഴ്, എട്ട് പൊസിഷനില്‍ നിന്ന് പ്ലേഓഫീലേക്ക് കടക്കാന്‍ സാധിച്ച ഏതെങ്കിലും ടീം ഉണ്ടെങ്കില്‍ അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണെന്ന് പഠാന്‍ പറഞ്ഞു
'ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ കടക്കും, അത് ചെന്നൈക്ക് മാത്രമേ സാധിക്കൂ'; സാധ്യതകള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍ 

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോഴും പ്ലേഓഫ് കടക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഏഴ്, എട്ട് പൊസിഷനില്‍ നിന്ന് പ്ലേഓഫീലേക്ക് കടക്കാന്‍ സാധിച്ച ഏതെങ്കിലും ടീം ഉണ്ടെങ്കില്‍ അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണെന്ന് പഠാന്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാരെ കൈകാര്യം ചെയ്യുന്ന വിധമാണ് ഇങ്ങനെ തിരിച്ചു വരവുകള്‍ക്ക് പ്രാപ്തമാക്കുന്നത് എന്നും ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിച്ചു. കളിക്കാരെ എങ്ങനെ കംഫേര്‍ട്ട് സോണില്‍ നിര്‍ത്തണം എന്ന് ചെന്നൈക്ക് അറിയാം. 2015ല്‍ ഞാന്‍ ചെന്നൈ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിക്കറ്റ് എങ്ങനെ മുന്‍പോട്ട് കൊണ്ടുപോവണം എന്നതില്‍ 21-22 വര്‍ഷത്തെ പരിചയമുണ്ട് അവര്‍ക്ക്. ചെന്നൈ ലീഗിലും സമാനമായാണ് അവര്‍ ടീമിനെ മുന്‍പോട്ട് കൊണ്ടുപോവുന്നത്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

കളത്തിലിറങ്ങി മികവ് കാണിക്കു, ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കോളാം എന്നതാണ് ചെന്നൈയുടെ രീതി. പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ഫ്രാഞ്ചൈസികളുണ്ട്. കളി അവസാനിക്കുന്നത് 11.30ന് ആവും. ഉറങ്ങുന്നത് 2 മണിക്കും. ഫ്‌ളൈറ്റ് പിടിക്കാനായി 6 മണിക്ക് എഴുന്നേല്‍ക്കണം എന്ന അവസ്ഥ. അത് കഴിഞ്ഞ ദിവസത്തെ കളിയില്‍ നിന്ന് കരകയറി വരുന്നതിന് തടസമാവും. എന്നാല്‍ മത്സരം വൈകിയാണ് കഴിയുന്നത് എങ്കില്‍ ഉച്ചയ്ക്ക് ശേഷമാവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുക. 

ഇത് കളിക്കാരെ ശാരീരികമായും മാനസികമായും വീണ്ടെടുക്കാന്‍ സഹായിക്കും. ചെറിയ കാര്യങ്ങളാണ് ഇതെന്നും പഠാന്‍ പറഞ്ഞു. ചെന്നൈ പ്ലേഓഫ് കടക്കുമെന്ന് ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍ പറയുന്ന മറ്റൊരു കാരണം ധോനിയുടെ സാന്നിധ്യമാണ്. 2010ല്‍ ആദ്യ 7ല്‍ അഞ്ച് കളിയിലും ചെന്നൈ തോറ്റിരുന്നു. എന്നാല്‍ ഫൈനലില്‍ മുംബൈയെ തോല്‍പ്പിച്ച് ചെന്നൈ കിരീടം ചൂടി. ചെന്നൈയെ ഇപ്പോള്‍ എഴുതി തള്ളുന്നത് മണ്ടത്തരമാവുമെന്നും പഠാന്‍ പറഞ്ഞു. 

മികവില്‍ നില്‍ക്കുകയായിരുന്നു ചെന്നൈ. ഈ വര്‍ഷം ഹര്‍ഭജന്‍, സുരേഷ് റെയ്‌ന എന്നിവരുടെ അഭാവവും, പരിക്കും അവരെ ഉലച്ചു. എന്നാല്‍ ധോനിയെ പോലൊരു നല്ല ക്യാപ്റ്റന്‍ ഉള്ളപ്പോള്‍ അവര്‍ക്ക് ഇപ്പോഴും സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കരകയറ്റി കൊണ്ടുവരാന്‍ ധോനിക്ക് സാധിക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com