പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ ധോനിപ്പട; അഞ്ചാം സ്ഥാനം പിടിച്ച് രാജസ്ഥാന്‍ 

കഴിഞ്ഞ സീസണുകളിലേത് പോലെ വയസന്‍ പട അത്ഭുതം കാട്ടുമെന്ന പ്രതീക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ടായി
പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ ധോനിപ്പട; അഞ്ചാം സ്ഥാനം പിടിച്ച് രാജസ്ഥാന്‍ 

അബുദാബി: ഐപിഎല്‍ 13ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഫേവറിറ്റുകള്‍ എന്ന വിശേഷണം ധോനിക്കും കൂട്ടര്‍ക്കും നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണുകളിലേത് പോലെ വയസന്‍ പട അത്ഭുതം കാട്ടുമെന്ന പ്രതീക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ടായി. പക്ഷേ ഇത്തവണ അതുണ്ടായില്ല. 

സീസണിലെ തങ്ങളുടെ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ധോനിയും കൂട്ടരും. നേടിയത് മൂന്ന് ജയവും ഏഴ് തോല്‍വിയും. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വി കൂടി വഴങ്ങിയതോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെ കുറെ അസ്തമിച്ചു. 

നാല് കളികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടൂര്‍ണമെന്റില്‍ ഇനി ബാക്കിയുള്ളത്. ആ നാലിലും ജയിച്ചാല്‍ മാത്രം പോര ചെന്നൈക്ക്. നെറ്റ്‌റണ്‍റേറ്റില്‍ മുന്‍തൂക്കം നേടുകയും ചെയ്താല്‍ പ്ലേഓഫ് സ്വപ്‌നം കാണാം. എന്നാല്‍ അത്തരമൊരു തിരിച്ചു വരവിനുള്ള പ്രാപ്തി ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിലവിലില്ല. 

9 കളിയില്‍ നിന്ന് 7 ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. 9 കളിയില്‍ നിന്ന് 6 ജയവും മൂന്ന് തോല്‍വിയുമോടെ മുംബൈ ഇന്ത്യന്‍സ് രണ്ടാമതും. രണ്ടാം സ്ഥാനത്താണെങ്കിലും ഡല്‍ബി ക്യാപിറ്റല്‍സിനേക്കാള്‍ നെറ്റ്‌റണ്‍റേറ്റില്‍ മുന്‍പില്‍ നില്‍ക്കുന്നത് മുംബൈയാണ്. 

9 കളിയില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയുമായി ആര്‍സിബിയാണ് മൂന്നാം സ്ഥാനത്ത്. 9 കളിയില്‍ നിന്ന് 5 ജയവും നാല് തോല്‍വിയുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്ത്. ചെന്നൈക്കെതിരായ ജയത്തോടെ രാജസ്ഥാന്റെ സീസണിലെ ജയങ്ങള്‍ നാലായി. തോറ്റത് 6 കളിയിലും. ഇനിയുള്ള നാലില്‍ നാല് കളിയിലും ജയിക്കുകയും, നെറ്റ്‌റണ്‍റൈറ്റ് ഉയര്‍ത്തുകയും ചെയ്താല്‍ രാജസ്ഥാന് പ്ലേഓഫ് സാധ്യത തുറക്കാം. 

മൂന്ന് ജയവുമായാണ് പോയിന്റ് ടേബിളിലെ അവസാന മൂന്ന് സ്ഥാനത്താരുടെ നില്‍പ്പ്. ഗൈദരാബാദും, പഞ്ചാബും ആറ് തോല്‍വികള്‍ വീതം വഴങ്ങിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റത് ഏഴ് വട്ടം. 9 കളിയില്‍ നിന്ന് 525 റണ്‍സ് സ്‌കോര്‍ ചെയ്ത രാഹുലിന്റെ പക്കലാണ് ഓറഞ്ച് ക്യാപ്. 393 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ രണ്ടാമതും. 

വിക്കറ്റ് വേട്ടയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റബാഡയാണ് മുന്‍പില്‍. 9 കളിയില്‍ നിന്ന് 19 വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. 15 വിക്കറ്റുമായി ബൂമ്ര രണ്ടാമതും, 14 വിക്കറ്റുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഹമ്മദ് ഷമി മൂന്നാമതുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com