ഐപിഎല്‍ കറുത്തവരെ കണ്ടില്ല, സങ്കടകരം; പരിഭവവുമായിഹോള്‍ഡര്‍ 

വിന്‍ഡിസ് ക്രിക്കറ്റ് ടീമിന് വേണ്ടി പീറ്റര്‍ സ്മിത് അവാര്‍ഡ് വാങ്ങിയ ശേഷമാണ് ഹോള്‍ഡറിന്റെ വാക്കുകള്‍
ഐപിഎല്‍ കറുത്തവരെ കണ്ടില്ല, സങ്കടകരം; പരിഭവവുമായിഹോള്‍ഡര്‍ 

ദുബായ്: ഐപിഎല്ലില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള നീക്കങ്ങള്‍ ഉണ്ടാവാത്തത് ചോദ്യം ചെയ്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ ജാസന്‍ ഹോള്‍ഡര്‍. മുട്ടിന്മേല്‍ നിന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് മൂവ്‌മെന്റിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ഐപിഎല്‍ തയ്യാറാവാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് ഹോള്‍ഡര്‍ പറഞ്ഞു. 

വിന്‍ഡിസ് ക്രിക്കറ്റ് ടീമിന് വേണ്ടി പീറ്റര്‍ സ്മിത് അവാര്‍ഡ് വാങ്ങിയ ശേഷമാണ് ഹോള്‍ഡറിന്റെ വാക്കുകള്‍. ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിനെ കുറിച്ച് ഇവിടെ ആരുമായും ഞാന്‍ സംസാരിച്ചിട്ടില്ല. ശ്രദ്ധിക്കാതെ വിട്ടത് പോലെയാണ് തോന്നുന്നത്. അത് സങ്കടപ്പെടുത്തുന്നു. നമുക്ക് വേണ്ടി ഇത് വീണ്ടും ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട്. ലോകത്ത് എന്താണ് നടക്കുന്നത് എന്ന് എല്ലാവരും അറിയണം, ഹോള്‍ഡര്‍ പറഞ്ഞു. 

കോവിഡ് 19 ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സില്‍ നിന്ന് ശ്രദ്ധ പിടിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്കും ശ്രദ്ധ പോയി. എന്നാല്‍ നമുക്ക്, കരീബിയയിലെ കറുത്ത വര്‍ഗക്കാര്‍ക്ക്, കറുത്ത വംശക്കാരുടെ ആധിപത്യ സമൂഹത്തില്‍ താമസിക്കുന്ന നമുക്ക്, ഇതില്‍ ബോധവത്കരണം തുടരേണ്ടതുണ്ട്. 

ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതില്‍ വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡ് വലിയ കടമ നിറവേറ്റി. ഇംഗ്ലണ്ട് പര്യടനത്തിന് പോയ വനിതാ ടീം ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് ലോഗോ അണിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ വിന്‍ഡിസ് ക്രിക്കറ്റ് താരങ്ങള്‍ മുട്ടിന്മേല്‍ നിന്ന് പ്രതിഷേധങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. 

എന്നാല്‍ ഇംഗ്ലണ്ടിലേക്ക് എത്തിയ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ് മൂവ്‌മെന്റ് ഏറ്റെടുത്തില്ല. അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാതിരുന്നത് എന്നെ നിരാശപ്പെടുത്തി. എന്നാല്‍ ഇത് ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന സംവാദമാണ്. ഏറെ നാള്‍ മുന്‍പില്‍ നില്‍ക്കുന്ന വെല്ലുവിളിയാണ്. ദൂരമേറിയ റോഡാണ് മുന്‍പിലുള്ളത്. നമ്മള്‍ ഒരുമിച്ച് വരേണ്ടതുണ്ട്. നമ്മുടെ ചിന്തകള്‍ ഒരുമിക്കണം. ലോകത്തിലെ അനീതികള്‍ ഇല്ലാതെയാക്കാന്‍ ഒരുമിച്ച് ഒരു വഴി കണ്ടെത്തണം, ഹോള്‍ഡര്‍ പറഞ്ഞു. 

ഒരൊറ്റ രാത്രി കൊണ്ട് മാറ്റി മറിക്കാവുന്ന കാര്യമല്ല. ഒരുപാട് വര്‍ഷം നീണ്ടുനില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ നമ്മള്‍ ഇവിടെ ഒരുമിച്ച് വരേണ്ടതുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. മനുഷ്യരായി നമ്മള്‍ എല്ലാവരേയും കാണണം. എല്ലാവരേയും സഹോദരങ്ങളായി കാണണം, വിന്‍ഡിസ് ടെസ്റ്റ് നായകന്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com