ചെന്നൈക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് സീസണ്‍ നഷ്ടമാവും

ബ്രാവോ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു
ചെന്നൈക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് സീസണ്‍ നഷ്ടമാവും

ദുബായ്:  ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവും. അരയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ബ്രാവോയ്ക്ക് ഐപിഎല്‍ നഷ്ടമാവുന്നത്. 

ബ്രാവോ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ താരം നാട്ടിലേക്ക് മടങ്ങുമെന്നും ചെന്നൈ സിഇഒ വ്യക്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഇടയിലാണ് ബ്രാവോയ്ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരങ്ങളും ബ്രാവോയ്ക്ക് നഷ്ടമായിരുന്നു. പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തിലും ബ്രാവോ പരിക്കിന്റെ പിടിയിലേക്ക് വീണു. 

ഈ സീസണില്‍ 6 കളികളാണ് ബ്രാവോ ചെന്നൈക്ക് വേണ്ടി കളിച്ചത്. വീഴ്ത്തിയത് ആറ് വിക്കറ്റും. പ്ലേഓഫ് കാണാതെ പുറത്താവുന്നതിന്റെ വക്കിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍. 10 കളിയില്‍ ചെന്നൈക്ക് ജയിക്കാനായത് മൂന്ന് കളിയില്‍ മാത്രം. ഏഴ് കളിയില്‍ തോല്‍വി വഴങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരേയും പ്ലേഓഫ് കാണാതെ ചെന്നൈ പുറത്തേക്ക് പോയിട്ടില്ല. 

സുരേഷ് റെയ്‌നയും, ഹര്‍ഭജനും പിന്മാറിയത് ചെന്നൈക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രാവോയും മടങ്ങുന്നത്. റെയ്‌നയേയും, ഹര്‍ഭജനേയും ചെന്നൈ മിസ് ചെയ്യുന്നതായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. മുതിര്‍ന്ന താരമായാലും, ജൂനിയര്‍ താരമായാലും അവരുടെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com