വയസന്‍ പടയെന്ന പേര് ചെന്നൈ മാറ്റും, 2021 സീസണിന് മുന്‍പ് വെട്ടിനിരത്തല്‍; ഒഴിവാക്കാന്‍ സാധ്യത ഇവരെ 

2018ലും 2019ലും വയസന്‍ പട എന്ന വിമര്‍ശനം നേരിട്ടിട്ടും മികവ് കാണിക്കാന്‍ ധോനിക്ക് കീഴില്‍ ചെന്നൈക്ക് കഴിഞ്ഞിരുന്നു
വയസന്‍ പടയെന്ന പേര് ചെന്നൈ മാറ്റും, 2021 സീസണിന് മുന്‍പ് വെട്ടിനിരത്തല്‍; ഒഴിവാക്കാന്‍ സാധ്യത ഇവരെ 

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ നേരിട്ട തിരിച്ചടികളുടെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 സീസണിന് മുന്‍പായി പല പ്രമുഖ കളിക്കാരേയും ചെന്നൈ ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. 

2018ലും 2019ലും വയസന്‍ പട എന്ന വിമര്‍ശനം നേരിട്ടിട്ടും മികവ് കാണിക്കാന്‍ ധോനിക്ക് കീഴില്‍ ചെന്നൈക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2020ലേക്ക് എത്തിയപ്പോള്‍ അതിനായില്ല. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ സിഎസ്‌കെ മാനേജ്‌മെന്റ് അതൃപ്തി വ്യക്തമാക്കിയതായാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

യുവ താരങ്ങളില്‍ മുതല്‍ മുടക്കി 2021 സീസണിലേക്കായി ടീമിനെ ഉടച്ചു വാര്‍ക്കാനാണ് ചെന്നൈ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ചെന്നൈ നിരയിലെ പോരായ്മകള്‍ ഈ സീസണില്‍ പ്രകടമായതായും, പ്രയാസമേറിയ തീരുമാനങ്ങള്‍ ഈ സീസണില്‍ എടുക്കേണ്ടതായി വരുമെന്നും ഫ്‌ളെമിങ്ങിന്റെ വാക്കുകളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചെന്നൈ ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍

35 വയസില്‍ എത്തി നില്‍ക്കുന്ന കേദാര്‍ ജാദവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. സീസണില്‍ ചെന്നൈയെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ജാദവാണ്. ഒരുപക്ഷേ ജാദവിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും ഇനി രംഗത്തെത്തിയേക്കില്ല. 8 കളിയില്‍ നിന്ന് 60 റണ്‍സ് ആണ് കേദാര്‍ ജാദവ് ഈ സീസണില്‍ നേടിയത്. 

ഷെയ്ന്‍ വാട്‌സനും 2021ല്‍ ഐപിഎല്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. ഒന്ന് രണ്ട് കളിയില്‍ ചെന്നൈക്ക് വേണ്ടി സീസണില്‍ വാട്‌സന്‍ തിളങ്ങിയിരുന്നു. എന്നാല്‍ സ്ഥിരത ഇല്ലാതെ വരുന്നത് വാട്‌സനെ ടീമിനെ ബാധ്യതയാക്കുന്നു. പീയുഷ് ചൗളയും ചെന്നൈ നിരയില്‍ തുടരാനുള്ള സാധ്യത വിരളമാണ്. 

ഈ സീസണില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ഇമ്രാന്‍ താഹിറിനെ അടുത്ത സീസണില്‍ ചെന്നൈ നിലനിര്‍ത്താന്‍ സാധ്യതയില്ല. റായിഡു, ഡുപ്ലസിസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇവരേയും ചെന്നൈ നിലനിര്‍ത്താനുള്ള സാധ്യത വിരളമാണ്. രാജ്യാന്തര തലത്തില്‍ കൂടുതല്‍ മികവ് കാണിക്കുന്ന കളിക്കാരെയാവും ചെന്നൈ ലക്ഷ്യമിടുക. മാച്ച് വിന്നര്‍ എന്ന റോളിലേക്ക് ഉയരാന്‍ റായിഡുവിന് സാധിച്ചിരുന്നില്ല. 

ധോനിയുടെ ഭാവി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച നായകനെ ചെന്നൈ ഒഴിവാക്കുമോയെന്ന് വ്യക്തമല്ല. സീസണില്‍ ഇനിയുള്ള മത്സരങ്ങളിലും ധോനിക്ക് മികവ് കാണിക്കാനാവാതെ വന്നാല്‍ ഇന്ത്യന്‍ മുന്‍ നായകനെ അടുത്ത സീസണില്‍ കാണാന്‍ സാധ്യത കുറവാണ്. ധോനി 2021 സീസണും കളിക്കുമെന്ന സൂചന ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ പ്രയാസം നേരിടുന്ന ഈ ഘട്ടത്തില്‍ ധോനി തന്നെ പിന്നോട്ട് പോയേക്കാവുന്ന സാധ്യതയും തള്ളി കളയാനാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com