എനിക്കത് ജീവന്‍ മരണ പോരാട്ടമായിരുന്നു; 2018ന് ശേഷം ആദ്യ അര്‍ധ ശതകം കണ്ടെത്തി വിജയ് ശങ്കര്‍ 

രാജസ്ഥാനെതിരായ കളി തനിക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു എന്നാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ചതിന് പിന്നാലെ ഹൈദരാബാദ് ഓള്‍റൗണ്ടര്‍ പറയുന്നത്
എനിക്കത് ജീവന്‍ മരണ പോരാട്ടമായിരുന്നു; 2018ന് ശേഷം ആദ്യ അര്‍ധ ശതകം കണ്ടെത്തി വിജയ് ശങ്കര്‍ 

ദുബായ്: 2018ന് ശേഷം ആദ്യമായാണ് വിജയ് ശങ്കര്‍ ഐപിഎല്ലില്‍ അര്‍ധ ശതകം പിന്നിട്ടത്. രാജസ്ഥാനെതിരായ കളി തനിക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു എന്നാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ചതിന് പിന്നാലെ ഹൈദരാബാദ് ഓള്‍റൗണ്ടര്‍ പറയുന്നത്. 

155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരവെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഹൈദരാബാദ് കുഴങ്ങിയ സമയമാണ് മനീഷ് പാണ്ഡേയ്‌ക്കൊപ്പം വിജയ് ശങ്കര്‍ നിലയുറപ്പിച്ചത്. 51 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ വിജയ് ശങ്കര്‍ ബൗളിങ്ങില്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മനീഷ് പാണ്ഡേയ്‌ക്കൊപ്പം 100 റണ്‍സിന്റെ കൂട്ടുകെട്ടും വിജയ് തീര്‍ത്തിരുന്നു. ഹൈദരാബാദിന് വേണ്ടി 23 വട്ടം 100 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ന്നിട്ടുണ്ടെങ്കിലും വിദേശ കളിക്കാര്‍ അല്ലാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ 100 റണ്‍സ് കൂട്ടുകെട്ട് തീര്‍ക്കുന്നത് ആദ്യം.

ജീവന്‍ മരണ പോരാട്ടമായാണ് ഈ കളി ഞാന്‍ കണ്ടത്. ബാറ്റിങ്ങില്‍ എനിക്ക് മികവ് കാണിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈ കളിയില്‍ എനിക്ക് പ്രധാനപ്പെട്ടതായി. ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെ ടീം എന്നെ നേരത്തെ ക്രീസിലേക്ക് വിട്ടു, വിജയ് ശങ്കര്‍ പറഞ്ഞു. 

ഇതുപോലുള്ള ജയങ്ങള്‍ ടീമിലെ ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടും. ഇനിയുള്ള മത്സരങ്ങളും ഞങ്ങള്‍ക്ക് ജയിക്കാനാവും, അതിലൂടെ ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്താനും സാധിക്കും. തുടക്കം മുതല്‍ മനീഷിന് പന്ത് നന്നായി ഹിറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടായി. ഈ ഇന്നിങ്‌സിന് മുന്‍പ് 18 പന്തുകള്‍ മാത്രമാണ് ഞാന്‍ നേരിട്ടത്. 

അതിനാല്‍ ക്രീസില്‍ കുറച്ച് സമയം എനിക്ക് നില്‍ക്കണമായിരുന്നു. അതിലൂടെ കളി നമുക്ക് മുന്‍പോട്ട് കൊണ്ടുപോവാനാവും എന്ന ആത്മവിശ്വാസം മനീഷിന് നല്‍കുകയും ചെയ്തു. ഞാന്‍ തുറന്ന് കളിക്കുകയും ബൗണ്ടറി കണ്ടെത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായതായും വിജയ് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സ് മുന്‍പില്‍ വെച്ച 155 റണ്‍സ് വിജയ ലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ 8 വിക്കറ്റ് കയ്യില്‍ വെച്ച് ഹൈദരാബാദ് മറികടന്നു. ജയത്തോടെ 10 കളിയില്‍ നിന്ന് 4 ജയവും, ആറ് തോല്‍വിയുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. ശനിയാഴ്ച പഞ്ചാബിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത കളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com