സഞ്ജുവിനെ പുറത്താക്കിയത് താളം കണ്ടെത്താനാവാത്ത സ്റ്റോക്ക്‌സ്; വിമര്‍ശനവുമായി മുന്‍ താരം 

ഓപ്പണറായി ഇറങ്ങിയ സ്റ്റോക്ക്‌സ് തുടക്കം മുതല്‍ താളം കണ്ടെത്താനാവാതെ വലഞ്ഞിരുന്നു
സഞ്ജുവിനെ പുറത്താക്കിയത് താളം കണ്ടെത്താനാവാത്ത സ്റ്റോക്ക്‌സ്; വിമര്‍ശനവുമായി മുന്‍ താരം 

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്താവാന്‍ കാരണമായത് ബെന്‍ സ്റ്റോക്ക്‌സ് എന്ന് ആകാശ് ചോപ്ര. ഓപ്പണറായി ഇറങ്ങിയ സ്റ്റോക്ക്‌സ് തുടക്കം മുതല്‍ താളം കണ്ടെത്താനാവാതെ വലഞ്ഞിരുന്നു. ഇതോടെ റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഉത്തരവാദിത്വം സഞ്ജുവിന്റെ ചുമലിലേക്ക് എത്തി. 

പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് കളിക്കാന്‍ സ്റ്റോക്ക്‌സിന് സാധിക്കുന്നില്ല. സ്‌കോറിന്റെ വേഗം കൂട്ടാന്‍ സാധിക്കാത്ത അവസ്ഥ. ഇതിലൂടെ സമ്മര്‍ദം സഞ്ജുവിലേക്ക് എത്തിയതാണ് മോശം ഷോട്ടിന് സഞ്ജു ശ്രമിക്കാനും വിക്കറ്റ് നഷ്ടപ്പെടാനും ഇടയാക്കിയത്. മറുവശത്ത് നിന്നുള്ള സ്റ്റോക്ക്‌സിന്റെ മെല്ലെപ്പോക്ക് സഞ്ജുവില്‍ സമ്മര്‍ദം കൂട്ടുകയായിരുന്നു, ആകാശ് ചോപ്ര പറഞ്ഞു. 

ബാറ്റിങ് ഓര്‍ഡറിലൂടെ രാജസ്ഥാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് തന്നെ വ്യക്തമല്ല. ഒരു ക്രമമില്ലാത്ത ലൈനപ്പ് ആണ് അവരുടേത്. ഏറ്റവും മികച്ച താരമായ ജോസ് ബട്ട്‌ലറെ നാലാമനായി ക്രീസില്‍ ഇറക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലാത്ത സ്‌റ്റോക്ക്‌സിനെ ഓപ്പണറായും ഇറക്കുന്നു. 

ഇതുവരെ ഒരു സിക്‌സ് പോലും പറത്തിയിട്ടില്ല എന്നത് സ്റ്റോക്ക്‌സിന്റെ ഫോമില്ലായ്മ വ്യക്തമാക്കുന്നു. ഫോറുകളും സിംഗിളുകളും നേടാന്‍ അവര്‍ ടീമിലെടുത്തിരിക്കുന്നത് സ്‌റ്റോക്ക്‌സിനെയാണ്, ആകാശ് ചോപ്രയെ അല്ലെന്നും പരിഹസിച്ച് ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. കുറച്ചു മാത്രം ഓവര്‍ ബട്ട്‌ലറുടെ മുന്‍പിലേക്ക് വെക്കുന്നത് വഴി വലിയൊരു സാധ്യത രാജസ്ഥാന്‍ നശിപ്പിക്കുകയാണ്. 

തെവാതിയയുടെ ബാറ്റിങ്ങില്‍ രാജസ്ഥാന്‍ റോയല്‍സ് വിശ്വസിക്കാത്തതിനേയും ആകാശ് ചോപ്ര വിമര്‍ശിച്ചു. മറ്റ് ടീമുകള്‍ ഭയപ്പെടുന്ന താരമാണ് തെവാതിയ. എന്നാല്‍ രാജസ്ഥാന്‍ ഇന്നിങ്‌സില്‍ എട്ടോ ഒന്‍പതോ പന്തുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് തെവാതിയക്ക് ക്രീസിലേക്ക് എത്താനാവുന്നത് എന്നും ചോപ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com