വീണ്ടും 'വിസിൽ പോ‍‍ഡ്'- ഗെയ്ക്‌വാദിന്റെ കരുത്തിൽ വിജയ വഴിയിൽ ധോനിപ്പട; ബാം​ഗ്ലൂരിനെ തകർത്തത് എട്ട് വിക്കറ്റിന്

വീണ്ടും 'വിസിൽ പോ‍‍ഡ്'- ഗെയ്ക്‌വാദിന്റെ കരുത്തിൽ വിജയ വഴിയിൽ ധോനിപ്പട; ബാം​ഗ്ലൂരിനെ തകർത്തത് എട്ട് വിക്കറ്റിന്
വീണ്ടും 'വിസിൽ പോ‍‍ഡ്'- ഗെയ്ക്‌വാദിന്റെ കരുത്തിൽ വിജയ വഴിയിൽ ധോനിപ്പട; ബാം​ഗ്ലൂരിനെ തകർത്തത് എട്ട് വിക്കറ്റിന്

ദുബായ്: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് വിജയ വഴിയിൽ തിരിച്ചെത്തി. സീസണിലെ നാലാം വിജയമാണ് ധോനിപ്പട സ്വന്തമാക്കിയത്. പ്ലേയോഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച ചെന്നൈയ്ക്ക് വിജയം ചെറുതല്ലാത്ത ആശ്വാസം നൽകും. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തപ്പോൾ ചെന്നൈ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 18.2 ഓവറിൽ 150 റൺസെടുത്ത് വിജയം പിടിക്കുകയായിരുന്നു. 

ചെന്നൈയ്ക്ക് വേണ്ടി യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്‌ 51 പന്തുകളിൽ നിന്നു പുറത്താവാതെ 65 റൺസ് നേടി തിളങ്ങി. ഋതുരാജിന്റെയും അമ്പാട്ടി റായുഡുവിന്റെയും  ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ അനായാസം വിജയത്തിലെത്തിയത്. 

വിജയം തേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ ചെന്നൈ സ്‌കോർ കുതിച്ചു. ഡുപ്ലെസിയായിരുന്നു കൂടുതൽ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരും ചേർന്ന് നാലോവറിൽ 40 റൺസെടുത്തു. 

എന്നാൽ ആറാം ഓവറിൽ 25 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് മോറിസ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡുപ്ലെസിയ്ക്ക് ശേഷം ക്രീസിലെത്തിയത് അമ്പാട്ടി റായുഡുവാണ്. റായുഡുവും ഗെയ്ക്‌വാദും ചേർന്ന് സ്‌കോർ 50 കടത്തി. 

റായുഡുവും മികച്ച ഫോം കണ്ടെത്തിയതോടെ ചെന്നൈ വിജയ ലക്ഷ്യത്തിലേക്ക് അനായാസേന കുതിച്ചു. ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. 12 ഓവറിൽ 100 റൺസും ചെന്നൈ മറികടന്നു.

കളി കൈവിട്ടു പോകും എന്ന ഘട്ടത്തിൽ റായുഡുവിനെ ക്ലീൻ ബൗൾഡ് ചെയ്ത് ചഹൽ ബാംഗ്ലൂരിന് പ്രതീക്ഷ നൽകി. 39 റൺസാണ് റായുഡു നേടിയത്. റായുഡുവിന് പകരം ക്യാപ്റ്റൻ ധോനി ക്രീസിലെത്തി. വൈകാതെ ഗെയ്ക്‌വാദ്‌ അർധ സെഞ്ച്വറി കണ്ടെത്തി. ഐപിഎല്ലിലെ താരത്തിന്റെ കന്നി അർധ സെഞ്ച്വറിയാണ് ഇത്. ധോനിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ്‌ അനായാസം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ധോനി 21 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു. ഗെയ്ക്‌വാദ്‌ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് അർധ സെഞ്ച്വറി കണ്ടെത്തിയത്. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപണർമാരായ ഫിഞ്ചും ദേവ്ദത്തും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിൽ സ്‌കോർ 31-ൽ നിൽക്കെ ഫിഞ്ചിനെ പുറത്താക്കി കഴിഞ്ഞ മത്സരത്തിലെ ഹീറോ സാം കറൻ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിയ്ക്ക് ശ്രമിച്ച ഫിഞ്ചിന്റെ ശ്രമം പാളുകയായിരുന്നു. 

ഫിഞ്ച് മടങ്ങിയതിനു ശേഷം ക്രീസിലെത്തിയത് ക്യാപ്റ്റൻ കോഹ്‌ലിയാണ്. ഇരുവരും ചേർന്ന് പവർ പ്ലേയിൽ 46 റൺസ് നേടി. എന്നാൽ ഏഴാം ഓവറിൽ 22 റൺസെടുത്ത ദേവ്ദത്തിനെ പുറത്താക്കി മിച്ചൽ സാന്റ്‌നർ കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. പിന്നീട് ഒത്തുചേർന്ന ഡിവില്ലിയേഴ്‌സും കോഹ്‌ലിയും ചേർന്ന് സ്‌കോർ 50 കടത്തി. ഇരുവരും തകർച്ചയിൽ നിന്നു ബാംഗ്ലൂരിനെ രക്ഷിച്ചു. വളരെ ശ്രദ്ധയോടെയാണ് ഇവർ ബാറ്റേന്തിയത്. 

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ചെന്നൈ ബൗളർമാർ നന്നായി ബൗൾ ചെയ്തു. പതിനാലാം ഓവറിൽ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നാലെ ബാംഗ്ലൂർ സ്‌കോർ 100 കടന്നു. പക്ഷേ ആക്രമിച്ച് കളിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഈ മത്സരത്തിൽ സിക്‌സ് നേടിയതോടെ ഐപിഎല്ലിൽ 200 സിക്‌സുകൾ നേടുന്ന താരം എന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി. 

സ്‌കോർ 128 ൽ നിൽക്കെ 39 റൺസെടുത്ത ഡിവില്ലിയേഴ്‌സിനെ പുറത്താക്കി ദീപക് ചാഹർ ബാംഗ്ലൂരിന് തിരിച്ചടി നൽകി. പിന്നാലെ വന്ന മോയിൻ അലിയും പെട്ടന്ന് മടങ്ങിയതോടെ ബാംഗ്ലൂർ തകർച്ചയിലായി. പിന്നാലെ കോഹ്‌ലി ഐപിഎല്ലിലെ 39-ാം അർധ സെഞ്ച്വറി കണ്ടെത്തി. ഈ സീസണിലെ മൂന്നാം അർധ സെഞ്ച്വറിയാണ് ക്യാപ്റ്റൻ നേടിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ കോഹ്‌ലി പുറത്തായി. സാം കറനാണ് വിക്കറ്റ്.

ചെന്നൈയ്ക്ക് വേണ്ടി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചഹർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് സാന്റ്‌നർ പിഴുതു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com