സഞ്ജുവിനല്ല, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്ക് വിളിയെത്തുന്നത് സൂര്യകുമാര്‍ യാദവിന്

ഏകദിനത്തില്‍ ഫിനിഷര്‍മാരെ തെരയുന്ന സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിലേക്ക് വന്നെത്തിയതായാണ് സൂചന
സഞ്ജുവിനല്ല, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്ക് വിളിയെത്തുന്നത് സൂര്യകുമാര്‍ യാദവിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തുള്ള സൂര്യകുമാര്‍ യാദവിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ സൂര്യകുമാര്‍ ഇടംപിടിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏകദിനത്തില്‍ ഫിനിഷര്‍മാരെ തെരയുന്ന സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിലേക്ക് വന്നെത്തിയതായാണ് സൂചന. ഐപിഎല്‍ സീസണില്‍ ഇതുവരെ മികവിലേക്ക് ഉയരാന്‍ സൂര്യകുമാറിന് സാധിച്ചിട്ടില്ല. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഇന്ത്യയിലെ മികച്ച വൈറ്റ് ബോള്‍ താരമാണ് സൂര്യകുമാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. 

2012ല്‍ സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ അകന്ന് പോയി. ഇന്ത്യ എ ടീമിലേക്കും സൂര്യകുമാര്‍ വന്നും പോയുമിരുന്നു. ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ എന്നിവരുടെ കൈകളിലാണ് ഇപ്പോള്‍ ഫിനിഷര്‍ റോള്‍.  കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിലേക്ക് വരുമ്പോഴും ഇന്ത്യക്ക് ഫിനിഷര്‍ സ്ഥാനത്ത് താരത്തെ വേണ്ടിവരുന്നു. 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വേണ്ടി ജംബോ സംഘത്തിനെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത്. കൂട്ടത്തില്‍ സൂര്യകുമാറും ഇടംപിടിക്കുമെന്നാണ് സൂചന. സൂര്യകുമാര്‍ യാദവിനൊപ്പം പ്രസിദ്ധ കൃഷ്ണയ്ക്കും ഏകദിന ടീമിലേക്ക് എത്താന്‍ വഴി തെളിയുന്നുണ്ട്. 

ഈ വര്‍ഷം ആദ്യം പ്രസന്റേഷന്‍ ചടങ്ങില്‍ സംസാരിച്ചപ്പോള്‍ പ്രസിദ്ധ കൃഷ്ണയെ കുറിച്ച് കോഹ്‌ലി പറഞ്ഞിരുന്നു. നേരത്തെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ശുഭ്മാന്‍ ഗില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഗില്ലിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com