'അടുത്തെങ്ങും വിരമിക്കില്ല', നിലപാട് വ്യക്തമാക്കി ക്രിസ് ഗെയ്ല്‍ 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ മന്‍ദീപ് സിങ്-ഗെയ്ല്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്
'അടുത്തെങ്ങും വിരമിക്കില്ല', നിലപാട് വ്യക്തമാക്കി ക്രിസ് ഗെയ്ല്‍ 

ദുബായ്: വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവില്ലെന്ന് ക്രിസ് ഗെയ്ല്‍. ഒരിക്കലും വിരമിക്കരുത് എന്ന സഹതാരം മന്‍ദീപ് സിങ്ങിന്റെ വാക്കുകളോട് പ്രതികരിക്കുമ്പോഴായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ മന്‍ദീപ് സിങ്-ഗെയ്ല്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. ഗെയ്ല്‍ 29 പന്തില്‍ അഞ്ച് സിക്‌സുകളുടെ അകമ്പടിയോടെ 51 റണ്‍സ് നേടി. മന്‍ദീപ് 66 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 

ഒരിക്കലും വിരമിക്കരുത് എന്ന മന്‍ദീപിന്റെ ആവശ്യത്തോട്, വിരമിക്കല്‍ റാദ്ദാക്കി എന്നായിരുന്നു ഗെയ്‌ലിന്റെ വാക്കുകള്‍. അടുത്തെങ്ങും വിരമിക്കില്ലെന്നും ഗെയ്ല്‍ പറഞ്ഞു. കൊല്‍ക്കത്തക്കെതിരായ കളിക്ക് ശേഷം ഗെയ്‌ലിനോട് സംസാരിക്കുകയായിരുന്നു മന്‍ദീപ് സിങ്. എല്ലാ കളിയിലും ഞാന്‍ നോട്ട് ഔട്ട് ആയി നില്‍ക്കണം എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളതെന്നും മന്ദീപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് മന്‍ദീപിന്റെ അച്ഛന്‍ മരിച്ചത്. 

കൊല്‍ക്കത്തക്കെതിരായ കളിക്ക് മുന്‍പ് ഞാന്‍ രാഹുലിനോട് സംസാരിച്ചു. എന്റെ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം എന്നാണ് ഞാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ സമയം എടുത്താലും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ എനിക്ക് സാധിക്കുമെന്ന് പറഞ്ഞു. ഇന്ന് ഞാന്‍ കളിയും ഫിനിഷ് ചെയ്ത് നോട്ട് ഔട്ട് ആയി നിന്നതോടെ പിതാവിന് ഒരുപാട് സന്തോഷമായിട്ടുണ്ടാവും, മന്‍ദീപ് പറഞ്ഞു. 

മത്സര ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സിലും ഗെയ്‌ലിനോടുള്ള ആരാധന മന്‍ദീപ് സിങ് വ്യക്തമാക്കി. ട്വന്റി20യിലെ എക്കാലത്തേയും മികച്ച കളിക്കാരനാണ് ഗെയ്ല്‍ എന്ന് മന്‍ദീപ് പറഞ്ഞു. അദ്ദേഹം ഒരിക്കലും വിരമിക്കാന്‍ പാടില്ല. എല്ലായ്‌പ്പോഴും മികച്ച ടച്ച് നിലനിര്‍ത്താന്‍ അദ്ദേഹത്തിനാവും. ഒരിക്കലും ഗെയ്ല്‍ പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല, മന്‍ദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com