ആധിപത്യം തുടര്‍ന്ന്‌ റബാഡയും കെ എല്‍ രാഹുലും; ആറാം സ്ഥാനം പിടിച്ച്‌ ഹൈദരാബാദ്‌

വിക്കറ്റ്‌ വീഴ്‌ത്താനാവാതെ 54 റണ്‍സ്‌ ആണ്‌ ഹൈദരാബാദിന്‌ എതിരെ റബാഡ വഴങ്ങിയത്
ആധിപത്യം തുടര്‍ന്ന്‌ റബാഡയും കെ എല്‍ രാഹുലും; ആറാം സ്ഥാനം പിടിച്ച്‌ ഹൈദരാബാദ്‌



ദുബായ്:‌ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ ബാറ്റ്‌സ്‌മാന്മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചെങ്കിലും പര്‍പ്പിള്‍ ക്യാപ്പ്‌ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാസിഗോ റബാഡ. വിക്കറ്റ്‌ വീഴ്‌ത്താനാവാതെ 54 റണ്‍സ്‌ ആണ്‌ ഹൈദരാബാദിന്‌ എതിരെ റബാഡ വഴങ്ങിയത്‌.

12 കളിയില്‍ നിന്ന്‌ 23 വിക്കറ്റാണ്‌ നിലവില്‍ റബാഡയുടെ അക്കൗണ്ടിലുള്ളത്‌. 12 കളിയില്‍ നിന്ന്‌ 20 വിക്കറ്റുമായി പഞ്ചാബിന്റെ മുഹമ്മദ്‌ ഷമിയാണ്‌ റബാഡയ്‌ക്ക്‌ പിന്നില്‍. 12 കളിയില്‍ നിന്ന്‌ 17 വിക്കറ്റുമായി റാഷിദ്‌ ഖാന്‍ മൂന്നാമതും.

ബാറ്റ്‌സ്‌മാന്മാരിലേക്ക്‌ വരുമ്പോള്‍ കെ എല്‍ രാഹുല്‍ തന്നെയാണ്‌ ഒന്നാമത്‌. 12 കളിയില്‍ നിന്ന്‌ 595 റണ്‍സ്‌ ആണ്‌ രാഹുല്‍ ഇതുവരെ അടിച്ചു കൂട്ടിയത്‌. 12 കളിയില്‍ നിന്ന്‌ രണ്ട്‌ സെഞ്ചുറികളുടെ പിന്തുണയോടെ 471 റണ്‍സ്‌ നേടിയ ശിഖര്‍ ധവാനാണ്‌ രാഹുലിന്‌ പിന്നില്‍. 436 റണ്‍സോടെ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ മൂന്നാം സ്ഥാനത്തും.

ഡല്‍ഹിക്കെതിരായ ജയത്തോടെ ഹൈദരാബാദ്‌ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ കയറി പ്ലേഓഫ്‌ സാധ്യതകള്‍ സജീവമാക്കി. ഡല്‍ഹിക്കെതിരെ 88 റണ്‍സിന്റെ ജയം പിടിച്ചത്‌ നെറ്റ്‌റണ്‍റേറ്റിലും ഹൈദരാബാദിനെ തുണയ്‌ക്കുന്നു. 12 കളിയില്‍ നിന്ന്‌ 10 പോയിന്റാണ്‌ ഇപ്പോള്‍ ഹൈദരാബാദിനുള്ളത്‌.

11 കളിയില്‍ നിന്ന്‌ 14 പോയിന്റോടെ മുംബൈ ഇന്ത്യന്‍സ്‌ ആണ്‌ പോയിന്റ്‌ ടേബിളില്‍ ഒന്നാമത്‌. 11 കളിയില്‍ നിന്ന്‌ 14 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും, 12 കളിയില്‍ നിന്ന്‌ 14 പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്‌. ഇന്ന്‌ നടക്കുന്ന മുംബൈ-ആര്‍സിബി പോരില്‍ ജയം പിടിക്കുന്ന ടീമാവും സീസണില്‍ ആദ്യമായി പ്ലേഓഫ്‌ ഉറപ്പിക്കുന്ന ടീമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com