എന്നും മികച്ചത്‌ മാത്രം നല്‍കാനാണ്‌ ശ്രമം, ഡല്‍ഹിയെ തകര്‍ത്ത മാജിക്‌ സ്‌പെല്ലിന്‌ പിന്നാലെ റാഷിദ്‌ ഖാന്‍

പ്ലേഓഫ്‌ സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായകമായിരുന്ന മത്സരത്തില്‍ 88 റണ്‍സ്‌ ജയത്തിലേക്കാണ്‌ ടീമിനെ വിസ്‌മയിപ്പിക്കുന്ന സ്‌പെല്ലിലൂടെ റാഷിദ്‌ എത്തിച്ചത്
എന്നും മികച്ചത്‌ മാത്രം നല്‍കാനാണ്‌ ശ്രമം, ഡല്‍ഹിയെ തകര്‍ത്ത മാജിക്‌ സ്‌പെല്ലിന്‌ പിന്നാലെ റാഷിദ്‌ ഖാന്‍


ദുബായ്:‌ ഡല്‍ഹിക്കെതിരെ നാല്‌ ഓവറില്‍ ഏഴ്‌ റണ്‍സ്‌ മാത്രം വഴങ്ങി റാഷിദ്‌ ഖാന്‍ വീഴ്‌ത്തിയത്‌ മൂന്ന്‌ വിക്കറ്റ്‌. പ്ലേഓഫ്‌ സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായകമായിരുന്ന മത്സരത്തില്‍ 88 റണ്‍സ്‌ ജയത്തിലേക്കാണ്‌ ടീമിനെ വിസ്‌മയിപ്പിക്കുന്ന സ്‌പെല്ലിലൂടെ റാഷിദ്‌ എത്തിച്ചത്‌. ടീമിന്‌ വേണ്ടി ഏറ്റവും മികച്ചത്‌ നല്‍കാനാണ്‌ എപ്പോഴും ശ്രമിക്കാറ്‌ എന്നാണ്‌ ജയത്തിന്‌ പിന്നാലെ റാഷിദ്‌ പറയുന്നത്‌.

ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ടീമിന്‌ വേണ്ടി തന്റെ ഏറ്റവും മികവ്‌ പുറത്തെടുക്കുകയാണ്‌ ലക്ഷ്യം. ഓരോ വട്ടവും അത്‌ തന്റെ മനസിലുണ്ടാവുമെന്ന്‌ ഹൈദരാബാദ്‌ സ്‌പിന്നര്‍ പറഞ്ഞു. 12 കളിയില്‍ നിന്ന്‌ 17 വിക്കറ്റ്‌ വീഴ്‌ത്തി സീസണിലെ വിക്കറ്റ്‌ വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്‌ റാഷിദ്‌.

ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണറേയും റാഷിദ്‌ പ്രശംസയില്‍ മൂടി. ടൂര്‍ണമെന്റില്‍ ഉടനീളം ഞങ്ങള്‍ക്കായി തന്റെ ജോലി വാര്‍ണര്‍ ഭംഗിയാക്കി. ചില സമയം ആക്രമിച്ച്‌ കളിക്കുന്ന ശൈലിയാവും ടീം ആവശ്യപ്പെടുക. മറ്റ്‌ ചിലപ്പോള്‍ പ്രതിരോധിച്ച്‌ കളിക്കുന്നതും. ടീം ആവശ്യപ്പെടുന്നത്‌ എന്താണോ അതിനാണ്‌ വാര്‍ണര്‍ പ്രാധാന്യം കൊടുക്കുക. ഇന്നത്തേതുപോലുള്ള വിസ്‌മയിപ്പിക്കുന്ന ഇന്നിങ്‌സുകള്‍ പുറത്തെടുക്കാന്‍ പ്രാപ്‌തനാണ്‌ വാര്‍ണര്‍, റാഷിദ്‌ പറഞ്ഞു.

എന്താണ്‌ സംഭവിക്കാന്‍ പോവുന്നത്‌ എന്നതിനെ കുറിച്ച്‌ ഞങ്ങള്‍ ചിന്തിക്കുന്നില്ല. ഇന്നത്തെ കളിയില്‍ എന്ത്‌ ചെയ്യാനാവും എന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ ചിന്ത. ക്വാളിഫിക്കേഷനെ കുറിച്ച്‌ ചിന്തിച്ചാല്‍ അത്‌ ഞങ്ങളില്‍ അധിക സമ്മര്‍ദം സൃഷ്ടിക്കും, റാഷിദ്‌ ചൂണ്ടിക്കാണിച്ചു.

ഡല്‍ഹിക്കെതിരായ ജയത്തോടെ ഹൈദരാബാദ്‌ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ എത്തി. 12 കളിയില്‍ നിന്ന്‌ 10 പോയിന്റാണ്‌ അവര്‍ക്കിപ്പോള്‍ ഉള്ളത്‌. ഇനി വരുന്ന രണ്ട്‌ കളിയില്‍ ജയം പിടിച്ചാല്‍ പോലും മറ്റ്‌ ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഹൈദരാബാദിന്റെ പ്ലേഓഫ്‌ പ്രവേശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com