തെറ്റുകള്‍ തിരുത്തും, ശക്തമായി തിരിച്ചെത്തും, അതില്‍ ഒരു സംശയവും വേണ്ടെന്ന്‌ കോഹ്‌ലി

അതുപോലൊരു വിക്കറ്റില്‍ 16 ഓവര്‍ നന്നായി എറിയാന്‍ സാധിച്ചെങ്കില്‍ ഞങ്ങള്‍ നന്നായി തന്നെയാണ്‌ കളിച്ചത്‌ എന്ന്‌ പറയാമെന്ന്‌ കോഹ്‌ലി പറഞ്ഞു
തെറ്റുകള്‍ തിരുത്തും, ശക്തമായി തിരിച്ചെത്തും, അതില്‍ ഒരു സംശയവും വേണ്ടെന്ന്‌ കോഹ്‌ലി


അബുദാബി: മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും അടുത്ത മത്സരത്തില്‍ ടീം ശക്തമായി തിരിച്ചെത്തുമെന്ന്‌ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ നായകന്‍ വിരാട്‌ കോഹ്‌ലി. അതുപോലൊരു വിക്കറ്റില്‍ 16 ഓവര്‍ നന്നായി എറിയാന്‍ സാധിച്ചെങ്കില്‍ ഞങ്ങള്‍ നന്നായി തന്നെയാണ്‌ കളിച്ചത്‌ എന്ന്‌ പറയാമെന്ന്‌ കോഹ്‌ലി പറഞ്ഞു.

ഞങ്ങളുടെ ലക്ഷ്യ വ്യക്തമായിരുന്നു. ജയത്തില്‍ നിന്ന്‌ അധികം അകലെയുമായിരുന്നില്ല ഞങ്ങള്‍. പ്രത്യേകിച്ച്‌ ഒരു മുന്‍നിര ടീമിന്‌ എതിരെ. അതുകൊണ്ട്‌ തന്നെ ഇവിടെ നിന്ന്‌ ലഭിച്ച ആത്മവിശ്വാസം അടുത്ത കളിയില്‍ ഞങ്ങള്‍ക്ക്‌ മുതല്‍ക്കൂട്ടാവും. നന്നായി ചെയ്‌ത കാര്യങ്ങള്‍ കണ്ടെത്തി അത്‌ തുടര്‍ന്നും ചെയ്യാനുള്ള വഴികള്‍ തേടും. തെറ്റുകള്‍ കണ്ടെത്തി തിരുത്തി അടുത്ത മത്സരത്തില്‍ തങ്ങള്‍ ശക്തമായി തിരിച്ചെത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്ന്‌ കോഹ്‌ലി പറഞ്ഞു.

നല്ല തുടക്കം ലഭിച്ചെങ്കിലും പ്രതീക്ഷിച്ച ടോട്ടലില്‍ നിന്ന്‌ 20 റണ്‍സ്‌ കുറവ്‌ വന്നതാണ്‌ തിരിച്ചടിച്ചതെന്ന്‌ ആര്‍സിബി ഓപ്പണര്‍ ദേവ്‌ദത്ത്‌ പടിക്കല്‍ പറഞ്ഞു. നല്ല വിക്കറ്റാണ്‌ അബുദാബിയിലേക്‌ എന്ന്‌ തുടക്കത്തിലെ തോന്നിയിരുന്നു. പ്രതീക്ഷിച്ച ടോട്ടലില്‍ എത്താനായില്ല. എന്നാല്‍ ഈ കളിയില്‍ നിന്ന്‌ പോസിറ്റീവായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ മുന്‍പോട്ട്‌ പോവാനാണ്‌ നോക്കുന്നത്‌, ദേവ്‌ദത്ത്‌ പറഞ്ഞു.

ആര്‍സിബി മുന്‍പില്‍ വെച്ച 164 റണ്‍സിന്‌ മുന്‍പില്‍ മുംബൈ ചെറുതായി പരുങ്ങിയിരുന്നു. എന്നാല്‍ സൂര്യകുമാര്‍ പിടിച്ചു നിന്ന്‌ മുംബൈയെ ജയം തൊടീച്ചു. 79 റണ്‍സ്‌ ആണ്‌ സൂര്യകുമാര്‍ അടിച്ചെടുത്തത്‌. പോയിന്റ്‌ ടേബിളില്‍ നിലവില്‍ രണ്ടാമതാണ്‌ ബാംഗ്ലൂര്‍. 31ന്‌ ഹൈദരാബാദിന്‌ എതിരെയാണ്‌ ബാംഗ്ലൂരിന്റെ അടുത്ത കളി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com