2021ലും ഇതേ വയസന്‍ പടയുമായി ചെന്നൈ കളിക്കണം, എങ്ങനെ തിരിച്ചുവരണം എന്ന്‌ ധോനിക്കറിയാം: ആശിഷ്‌ നെഹ്‌റ

'മാനസികമായി കരുത്തനായ ഒരു വ്യക്തിയെ കുറിച്ചാണ്‌ നമ്മള്‍ സംസാരിക്കുന്നത്‌. ധോനിക്ക്‌ അറിയാം തിരിച്ചു വരാന്‍'
2021ലും ഇതേ വയസന്‍ പടയുമായി ചെന്നൈ കളിക്കണം, എങ്ങനെ തിരിച്ചുവരണം എന്ന്‌ ധോനിക്കറിയാം: ആശിഷ്‌ നെഹ്‌റ


മുംബൈ: അടുത്ത സീസണില്‍ വയസന്‍ പട എന്ന പേര്‌ മാറ്റി വരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ മുതിര്‍ന്നേക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. എന്നാല്‍ ചെന്നൈ രൂപം മാറ്റേണ്ട ആവശ്യമില്ലെന്നാണ്‌ ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ്‌ നെഹ്‌റ പറയുന്നത്‌.

35ന്‌ മുകളില്‍ പ്രായം ചെന്നവരിലേക്ക്‌ ചൂണ്ടിയാണ്‌ സിഎസ്‌കെയ്‌ക്ക്‌ എതിരായ വിമര്‍ശനം. എന്നാല്‍ എന്താണ്‌ അവരുടെ പ്രാപ്‌തി എന്ന്‌ അവര്‍ തെളിയിച്ചതാണ്‌. ഇത്‌ ഒരു സീസണ്‍ മാത്രമാണ്‌. അടുത്ത സീസണിലും ഇതേ പ്രായം ചെന്നെ ചെന്നൈയെ കാണാന്‍ സാധിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ. മാനസികമായി കരുത്തനായ ഒരു വ്യക്തിയെ കുറിച്ചാണ്‌ നമ്മള്‍ സംസാരിക്കുന്നത്‌. ധോനിക്ക്‌ അറിയാം തിരിച്ചു വരാന്‍, ആശിഷ്‌ നെഹ്‌റ പറഞ്ഞു.

ഇപ്പോഴുണ്ടായിരിക്കുന്ന തിരിച്ചടി ധോനിക്ക്‌ വലിയ വിഷയമല്ല. ക്വാളിഫൈ ചെയ്യാതിരിക്കുന്നത്‌ വേദനിപ്പിക്കും. എന്നാല്‍ ധോനിയേയും ഇതേ ചെന്നൈയേയും വീണ്ടും കാണാനാവും എന്നാണ്‌ എന്റെ പ്രതീക്ഷ. 30-35 വയസ്‌ വലിയ പ്രായമല്ല. 39 വയസ്‌ വരെ ഞാന്‍ ഐപിഎല്‍ കളിച്ചതാണ്‌. എന്റെ ഈ ശരീരം വെച്ച്‌ ഫാസ്റ്റ്‌ ബൗളറായിട്ട്‌ എനിക്ക്‌ 39 വയസ്‌ വരെ കളിക്കാനായി. അവര്‍ക്കും കളിക്കാനാവും. പ്രത്യേകിച്ച്‌ ഷെയ്‌ന്‍ വാട്‌സന്‌. അടുത്ത വര്‍ഷവും വാട്‌സന്‍ ടീമിലുണ്ടാവും എന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ മുന്‍ പേസര്‍ പറഞ്ഞു.

സീസണില്‍ പ്ലേഓഫ്‌ കാണാതെ പുറത്തായതിന്‌ പിന്നാലെ ചെന്നൈ ടീമില്‍ അഴിച്ചുപണി നടത്തും എന്നാണ്‌ സൂചന. എന്നാല്‍ അടുത്ത സീസണിലും ധോനി നായകനായി തുടരും എന്നതിന്റെ സൂചന ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ സിഇഒ കാശി വിശ്വനാഥന്‍ നല്‍കി. പക്ഷേ ഓരോ മത്സരത്തിന്‌ ശേഷവും തന്റെ ജേഴ്‌സി കളിക്കാര്‍ക്ക്‌ ധോനി കൈമാറുന്നത്‌ ഈ സീസണോടെ വിരമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com