മൂന്ന് സ്ഥാനങ്ങള്‍, ആറ് ടീമുകള്‍; ഐപിഎല്‍ പ്ലേ ഓഫിലേക്ക് ഇനി ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ

മൂന്ന് സ്ഥാനങ്ങള്‍, ആറ് ടീമുകള്‍; ഐപിഎല്‍ പ്ലേ ഓഫിലേക്ക് ഇനി ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ
മൂന്ന് സ്ഥാനങ്ങള്‍, ആറ് ടീമുകള്‍; ഐപിഎല്‍ പ്ലേ ഓഫിലേക്ക് ഇനി ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ

അബുദാബി: ഐപിഎല്‍ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടക്കാനിരിക്കെ രണ്ട് ടീമുകളുടെ കാര്യം തീരുമാനമായി. ഒന്ന് മുംബൈ ഇന്ത്യന്‍സാണ്. അവര്‍ പ്ലേ ഓഫ് ഉറപ്പാക്കി. മറ്റൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് സ്ഥാനത്തേക്ക് ആറ് ടീമുകള്‍ക്കാണ് അഗ്നി പരീക്ഷ കാത്തിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

മികച്ച വിജയങ്ങളുമായി മുന്നേറവേ തുടരെ രണ്ട് തോല്‍വികള്‍ പിണഞ്ഞതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് നെറ്റ് റണ്‍റേറ്റൊന്നും നോക്കാതെ പ്ലേ ഓഫിലെത്താം. ഡല്‍ഹി, ഹൈദരാബാദ് ടീമുകളാണ് അവരുടെ അടുത്ത എതിരാളികള്‍. ഇരു ടീമുകള്‍ക്കെതിരെയും വിജയിച്ചാല്‍ കോഹ്‌ലിക്കും സംഘത്തിനും രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താം. ഇനി രണ്ട് മത്സരങ്ങളും തോറ്റാലും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുപക്ഷേ മറ്റു ടീമുകളുടെ ഫലങ്ങള്‍ കൂടി ആശ്രയിച്ചാകും. 

ഡല്‍ഹി ക്യാപിറ്റല്‍സ്

ആര്‍സിബിയുടെ അതേ പാതയില്‍ തന്നെയാണ് ഡല്‍ഹിയും. അടുത്ത രണ്ട് മത്സരങ്ങളും ഡല്‍ഹിക്ക് നിര്‍ണായകം. അതില്‍ രണ്ടും വിജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിക്ക് കയറാം. ഇനി ഒരു മത്സരമാണ് വിജയിക്കുന്നതെങ്കിലും അവര്‍ക്ക് മുന്നേറാം. എന്നാല്‍ ഏത് സ്ഥാനക്കാരായിട്ടാകും ഫിനിഷ് ചെയ്യുക എന്നത് മറ്റു ടീമുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും. രണ്ട് മത്സരങ്ങള്‍ തോറ്റാലും മറ്റ് ഫലങ്ങള്‍ ഡല്‍ഹിക്ക് നിര്‍ണായകം. 

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ചെന്നൈയോട് കൊല്‍ക്കത്ത പരാജയപ്പെട്ടപ്പോള്‍ സാധ്യതകള്‍ തുറന്നു കിട്ടിയത് പഞ്ചാബിനാണ്. അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഘട്ടം ഉറപ്പാക്കാം. ഒരു മത്സരമാണ് വിജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകം. രണ്ടും തോറ്റാല്‍ പഞ്ചാബിനും മടങ്ങാം.  

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കെകെആര്‍ ഇന്നലെ ചെന്നൈയോട് തോറ്റതോടെ അവരുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇനി ഒരു മത്സരം മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. അതില്‍ വിജയം അനിവാര്യം. മാത്രമല്ല കിങ്‌സ് ഇലവന്‍ പഞ്ചാബ് അവരുടെ ഇനിയുള്ള രണ്ട് മത്സരങ്ങളും തോല്‍ക്കണം. ഹൈദരാബാദ് ഇനിയുള്ള അവരുടെ രണ്ട് മത്സരങ്ങളില്‍ ഒന്നിലും പരാജയപ്പെടണം. എങ്കില്‍ മാത്രം മുന്‍ ചാമ്പ്യന്‍മാര്‍ക്ക് പ്ലേ ഓഫിലേക്ക് കടക്കാം. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മികച്ച നെറ്റ് റണ്‍റേറ്റുണ്ട് എന്നത് ഹൈദരാബാദിന് ബോണസാണ്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി ടീമുകള്‍ക്കെതിരെയാണ് ഇനിയുള്ള ഹൈദരാബാദിന്റെ മത്സരങ്ങള്‍. ഇതില്‍ രണ്ടിലും വിജയിക്കണം. ഒന്നില്‍ തോറ്റാല്‍ ഹൈദരാബാദിന് പെട്ടി മടക്കാം. രണ്ടിലും വിജയിച്ച് 14 പോയിന്റുമായി നില്‍ക്കുമ്പോള്‍ മറ്റ് രണ്ട് ടീമുകള്‍ക്കും 14 പോയിന്റാണെങ്കില്‍ ആ ഘട്ടത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഹൈദരാബദിനെ തുണയ്ക്കും. 

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. നെറ്റ് റണ്‍റേറ്റ് തീരെയില്ലത്ത അവര്‍ക്ക് അടുത്ത രണ്ട് മത്സരങ്ങളിലും വമ്പന്‍ വിജയം അനിവാര്യം. എങ്കില്‍ മാത്രം പ്രതീക്ഷ നിലനിര്‍ത്താം. ഒരു തോല്‍വി അവരുടെ സാധ്യതകള്‍ക്ക് തിരശ്ശീലയിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com