ഇന്ത്യന്‍ ടീമിലെത്തി, പ്ലേയിങ്‌ ഇലവനില്‍ ഇടംപിടിക്കണ്ടേ? സഞ്‌ജുവിന്‌ വരുന്ന രണ്ട്‌ കളിയും നിര്‍ണായകം

ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ്‌ കാണിച്ച്‌ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം സഞ്‌ജുവിന്‌ നേടിയെടുക്കേണ്ടതുണ്ട്
ഇന്ത്യന്‍ ടീമിലെത്തി, പ്ലേയിങ്‌ ഇലവനില്‍ ഇടംപിടിക്കണ്ടേ? സഞ്‌ജുവിന്‌ വരുന്ന രണ്ട്‌ കളിയും നിര്‍ണായകം


അബുദാബി: ഐപിഎല്ലില്‍ ഇന്ന്‌ രാജസ്ഥാന്‍ റോയല്‍സ്‌ ഇറങ്ങുമ്പോള്‍ പ്ലേഓഫ്‌ സാധ്യത കൂട്ടുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടി സഞ്‌ജുവിന്‌ മുന്‍പിലുണ്ട്‌. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ പര്യടനത്തില്‍ ഇടംപിടിച്ചെങ്കിലും പ്ലേയിങ്‌ ഇലവനിലേക്ക്‌ എത്താനുള്ള സാധ്യതകള്‍ സഞ്‌ജുവിന്‌ മുന്‍പില്‍ വിരളമാണ്‌. ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികവ്‌ കാണിച്ച്‌ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം സഞ്‌ജുവിന്‌ നേടിയെടുക്കേണ്ടതുണ്ട്‌.

ഇനി രണ്ട്‌ മത്സരം കൂടിയാണ്‌ ലീഗ്‌ ഘട്ടത്തില്‍ രാജസ്ഥാന്‌ മുന്‍പിലുള്ളത്‌. കൊല്‍ക്കത്ത, പഞ്ചാബ്‌, ഹൈദരാബാദ്‌ ടീമുകള്‍ പ്ലേഓഫ്‌ ഉറപ്പിക്കാന്‍ രാജസ്ഥാന്‌ മുന്‍പില്‍ വില്ലന്മാരാവുന്നു. നെറ്റ്‌റണ്‍റേറ്റിലെ കുറവും രാജസ്ഥാനെ വലയ്‌ക്കുന്നുണ്ട്‌. ഇതിന്റെ സമ്മര്‍ദം ഇല്ലാതെ കളിക്കാന്‍ രണ്ട്‌ കളിയിലും സഞ്‌ജുവിന്‌ സാധിക്കണം.

രാജസ്ഥാന്റെ കഴിഞ്ഞ രണ്ട്‌ കളിയിലും വന്നുടനെ ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കുന്ന പതിവ്‌ വിട്ട്‌ ആദ്യം ഏതാനും പന്തുകള്‍ നേരിട്ട്‌ ക്രീസില്‍ സമയം കണ്ടെത്താന്‍ സഞ്‌ജു മുതിര്‍ന്നിരുന്നു. സമാനമായ നിലയില്‍ തുടങ്ങി പിന്നാലെ ബിഗ്‌ ഷോട്ടുകള്‍ സഞ്‌ജുവില്‍ നിന്ന്‌ ഇനിയുള്ള മത്സരങ്ങളിലും വരുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

12 ഇന്നിങ്‌സില്‍ നിന്ന്‌ 326 റണ്‍സ്‌ ആണ്‌ സഞ്‌ജു ഇതുവരെ നേടിയത്‌. 23 സിക്‌സുകള്‍ പറത്തി കൂറ്റനടി വീരന്മാരുടെ കൂട്ടത്തില്‍ മുന്‍പിലുമുണ്ട്‌ പന്ത്‌. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഫിനിഷറെ സെലക്ടര്‍മാര്‍ തെരയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിന്‌ മുന്‍പ്‌ വന്നിരുന്നു. സൂര്യകുമാറിനെ ഈ സ്ഥാനത്തേക്ക്‌ പരിഗണിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ സൂര്യകുമാറിനെ അവഗണിച്ചതോടെ ആ സ്ഥാനം സഞ്‌ജുവിന്റെ മുന്‍പിലേക്ക്‌ കൂടിയാണ്‌ തുറന്നു കിടക്കുന്നത്‌.

കിങ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ എതിരെയാണ്‌ ഇന്ന്‌ രാജസ്ഥാന്റെ മത്സരം. തുടരെ 5 കളിയില്‍ ജയം പിടിച്ചാണ്‌ പഞ്ചാബിന്റെ വരവ്‌. ജയിക്കുന്ന ടീമിന്‌ പ്ലേഓഫ്‌ സാധ്യതകള്‍ സജീവമാക്കാം. രാജസ്ഥാന്‍ തോറ്റാല്‍ അവരുടെ പ്ലേഓഫ്‌ സാധ്യത അവസാനിക്കും. 12 കളിയില്‍ നിന്ന്‌ 10 പോയിന്റാണ്‌ രാജസ്ഥാനുള്ളത്‌. പഞ്ചാബിന്‌ 12 കളിയില്‍ നിന്ന്‌ 12 പോയിന്റും.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com