തകർത്തടിച്ച് ഇഷാൻ; തകർന്നടിഞ്ഞ് ഡൽഹി; തകർപ്പൻ ജയവുമായി മുംബൈ

തകർത്തടിച്ച് ഇഷാൻ; തകർന്നടിഞ്ഞ് ഡൽഹി; തകർപ്പൻ ജയവുമായി മുംബൈ
തകർത്തടിച്ച് ഇഷാൻ; തകർന്നടിഞ്ഞ് ഡൽഹി; തകർപ്പൻ ജയവുമായി മുംബൈ

ദുബായ്: ബൗളിങിലും ബാറ്റിങിലും ഒരു പോലെ വെട്ടിത്തിളങ്ങി മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞു. ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈക്ക് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തപ്പോൾ  14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 111 റൺസെടുത്ത് വിജയം സ്വന്തമാക്കി. 

അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 47 പന്തുകൾ നേരിട്ട കിഷൻ മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 72 റൺസോടെ പുറത്താകാതെ നിന്നു.

ഓപണർമാരായ ക്വിന്റൺ ഡിക്കോക്കും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. 10.2 ഓവറിൽ 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 28 പന്തിൽ നിന്ന് 26 റൺസെടുത്ത ഡിക്കോക്ക്, ആന്റിച്ച് നോർക്യയുടെ പന്തിൽ പുറത്താകുകയായിരുന്നു. സൂര്യകുമാർ യാദവ് 12 റൺസുമായി പുറത്താകാതെ നിന്നു.

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഡൽഹി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മുംബൈ ബൗളർമാർക്കു മുന്നിൽ ഡൽഹി ബാറ്റ്‌സ്മാൻമാർക്ക് ഉത്തരം മുട്ടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രീത് ബുമ്റയും ട്രെൻഡ് ബോൾട്ടും കൊടുങ്കാറ്റായപ്പോൾ ഡൽഹി ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. നാല് ഓവറിൽ 17 റൺസ് വഴങ്ങിയാണ് ബുമ്റ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഡൽഹി തകരുകയായിരുന്നു.

18 പന്തുകൾക്കുള്ളിൽ ഓപണർമാരായ ശിഖർ ധവാൻ (0), പൃഥ്വി ഷാ (10) എന്നിവരെ നഷ്ടമായ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സ്‌കോർ ഉയർത്താൻ ഡൽഹി ബാറ്റ്‌സ്മാൻമാർക്ക് സാധിച്ചില്ല. പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലായിരുന്നു ഡൽഹി.

29 പന്തിൽ നിന്ന് 25 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. ഋഷഭ് പന്ത് 24 പന്തിൽ നിന്ന് 21 റൺസെടുത്ത് പുറത്തായി. മാർക്കസ് സ്റ്റോയ്‌നിസ് (2), ഷിംറോൺ ഹെറ്റ്മയർ (11), ഹർഷൽ പട്ടേൽ (5) എന്നിവരെല്ലാം പരാജയമായി. 19-ാം ഓവറിലാണ് ഡൽഹി സ്‌കോർ 100 കടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com