പേസ് ബൗളിങില്‍ രാജസ്ഥാന്‍ ടീമിലെ 'ഒറ്റയാന്‍'-  ഏഴ് പേസര്‍മാര്‍ക്ക് തുല്ല്യം ഒരു 'ആര്‍ച്ചര്‍'

പേസ് ബൗളിങില്‍ രാജസ്ഥാന്‍ ടീമിലെ 'ഒറ്റയാന്‍'-  ഏഴ് പേസര്‍മാര്‍ക്ക് തുല്ല്യം ഒരു 'ആര്‍ച്ചര്‍'
പേസ് ബൗളിങില്‍ രാജസ്ഥാന്‍ ടീമിലെ 'ഒറ്റയാന്‍'-  ഏഴ് പേസര്‍മാര്‍ക്ക് തുല്ല്യം ഒരു 'ആര്‍ച്ചര്‍'

അബുദാബി: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ തങ്ങളുടെ മുന്നേറ്റത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ജോഫ്ര ആര്‍ച്ചര്‍ എന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടറാണ്. രാജസ്ഥാന്‍ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയായ ആര്‍ച്ചര്‍ പേസ് ബൗളിങിലൂടെ ഈ സീസണില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തി. ബൗളിങില്‍ മാത്രമല്ല ആവശ്യമുള്ളപ്പോള്‍ ബാറ്റിങിലും ഉജ്ജ്വല ക്യാച്ചുകള്‍ എടുത്ത് ഫീല്‍ഡിങ്ങിലും ആര്‍ച്ചര്‍ തന്റെ മൂല്യം പലവട്ടം തെളിയിച്ചു കഴിഞ്ഞു. 

പേസ് ബൗളിങില്‍ ആര്‍ച്ചര്‍ ഏതാണ്ട് ഒറ്റയ്ക്കാണ് ടീമിനെ തോളിലേറ്റുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പേസില്‍ ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു ബൗളറും ഇല്ല എന്നതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദന. ബെന്‍ സ്റ്റോക്‌സ്, കാര്‍ത്തിക് ത്യാഗി, ജയദേവ് ഉനദ്കട്, ടോം കറന്‍, അങ്കിത് രജപുത്, ആന്‍ഡ്രു ടൈ എന്നിവരെല്ലാം ചേര്‍ന്നാണ് ആര്‍ച്ചര്‍ ഒറ്റയ്ക്ക് വീഴ്ത്തിയ 19 വിക്കറ്റുകള്‍ എന്ന സംഖ്യ തികച്ചത് എന്ന് പറയുമ്പോള്‍ തന്നെ മനസിലാക്കാം ടീമിന്റെ ദൗര്‍ബല്യം. വെറ്ററന്‍ ഇന്ത്യന്‍ പേസറായ വരുണ്‍ ആരോണ്‍ ആകട്ടെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ താരം കളിച്ചത്. രണ്ടിലും വിക്കറ്റൊന്നും നേടിയതുമില്ല. 

ആര്‍ച്ചര്‍ 51.4 ഓവറുകളാണ് ഇതുവരെ എറിഞ്ഞത്. അതില്‍ നിന്നാണ് 19 വിക്കറ്റുകള്‍ വീഴ്ത്തിയത്. മറ്റ് എല്ലാ പേസര്‍മാരും ചേര്‍ന്ന് 114.2 ഓവര്‍ എറിഞ്ഞാണ് ഇത്രയും വിക്കറ്റുകള്‍ പിഴുതത്. ആര്‍ച്ചറുടെ ഇക്കോണമി 6.69 ആണെങ്കില്‍ ബാക്കി പേസര്‍മാരുടെ ഇക്കോണമി റേറ്റ് 10.5 ആണ്. 

ബൗളിങില്‍ ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുന്നത് രണ്ട് സ്പിന്നര്‍മാരാണ്. ശ്രേയസ് ഗോപാലും രാഹുല്‍ തെവാടിയയും. ഇരുവരും ചേര്‍ന്ന് ഈ സീസണില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ച്ചര്‍ക്ക് പിന്നില്‍ അണിനിരക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com