‘സഞ്ജുവിന്റെ റണ്ണൗട്ട് ടീമിന് ഉപകാരമായി‘- മലയാളി താരം പുറത്തായതിനെ കുറിച്ച് സ്മിത്ത്

‘സഞ്ജുവിന്റെ റണ്ണൗട്ട് ടീമിന് ഉപകാരമായി‘- മലയാളി താരം പുറത്തായതിനെ കുറിച്ച് സ്മിത്ത്
‘സഞ്ജുവിന്റെ റണ്ണൗട്ട് ടീമിന് ഉപകാരമായി‘- മലയാളി താരം പുറത്തായതിനെ കുറിച്ച് സ്മിത്ത്

അബുദാബി: ഐപിഎല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കിങ്സ് ഇലവൻ പ‍ഞ്ചാബിനെതിരെ സഞ്ജു സാംസൺ റണ്ണൗട്ടായത് നിർഭാ​ഗ്യകരമെങ്കിലും ടീമിന് അത് മറ്റൊരു തരത്തിൽ ഉപകാരമായെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജു അർധ സെഞ്ച്വറിക്ക് തൊട്ടരികെയാണ് റണ്ണൗട്ടായത്. 25 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസെടുത്ത് നിൽക്കെയാണ് സഞ്ജു ഔട്ടായത്. ഉറപ്പില്ലാത്ത സിംഗിളിനോടിയ സ്മിത്തിന്റെ കൂടി പിഴവിലായിരുന്നു മലയാളി താരം റണ്ണൗട്ടായത്. 

സഞ്ജു പുറത്തായെങ്കിലും ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് സ്മിത്ത് രാജസ്ഥാനെ വിജയത്തിലെത്തിച്ചു. മത്സര ശേഷമുള്ള പുരസ്കാര സമർപ്പണ വേളയിലാണ്, സഞ്ജു പുറത്തായത് നിർഭാഗ്യകരമെങ്കിലും ടീമിന് അനുഗ്രഹമായെന്ന സ്മിത്തിന്റെ പ്രസ്താവന. ഇടവേളയ്ക്കു ശേഷം ജോസ് ബട്‌ലറിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സഞ്​ജുവിന്റെ പുറത്താകൽ സംബന്ധിച്ചുള്ള സ്മിത്തിന്റെ പ്രസ്താവന.

‘സഞ്ജു സാംസണിന്റെ ഔട്ട് നിർഭാഗ്യകരമായിരുന്നു. പക്ഷേ, ഇത്തരം സംഭവങ്ങളുടെ നല്ല വശം മാത്രം കാണുന്നതാണ് ശരി. ഏതാണ്ട് അഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷം ജോസിന് കളത്തിലിറങ്ങാൻ അവസരം കിട്ടിയല്ലോ. അദ്ദേഹം നല്ല രീതിയിൽത്തന്നെ കളിക്കുകയും ചെയ്തു. ടീമിനെ സംബന്ധിച്ച് അത് ശുഭസൂചനയാണ്’ – സ്മിത്ത് ചൂണ്ടിക്കാട്ടി. 11 പന്തുകൾ നേരിട്ട ബട്‍ലർ, 21 റൺസുമായി പുറത്താകാതെ നിന്നാണ് സ്മിത്തിനൊപ്പം ടീമിന് വിജയം സമ്മാനിച്ചത്.

‘ബെൻ ലോകോത്തര താരമാണ്. കൃത്യമായ ഷോട്ടുകൾ തിരഞ്ഞു പിടിച്ച് കളിക്കുന്ന താരം. അസാധ്യമായ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഷോട്ട് കളിക്കാൻ അദ്ദേഹത്തിനാകും. പന്തു കൊണ്ടും അദ്ദേഹം മികവു കാട്ടി. ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാൾ. സഞ്ജു ഏറ്റവും മികച്ച രീതിയിലാണ് ടൂർണമെന്റിന് തുടക്കമിട്ടത്. ഇടക്കാലത്ത് അദ്ദേഹത്തിന് ഉദ്ദേശിച്ച രീതിയിൽ റൺസ് നേടാനായില്ല. ടി20 ക്രിക്കറ്റിൽ ഇതൊക്കെ പതിവാണ്. നല്ലത് പ്രതീക്ഷിച്ച് മുന്നോട്ടു പോവുകയാണ് പ്രധാനം’ – സ്മിത്ത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com