അറുത്ത് കൊല്ലുകയായിരുന്നു അദ്ദേഹത്തെ, കൊടും ക്രൂരതയാണ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടി സുരേഷ് റെയ്‌ന

'എന്റെ അച്ഛന്റെ സഹോദരിയും രണ്ട് കസിന്‍സിനും ഗുരുതരമായി പരിക്കേറ്റു. ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കേ അതില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചു'
അറുത്ത് കൊല്ലുകയായിരുന്നു അദ്ദേഹത്തെ, കൊടും ക്രൂരതയാണ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടി സുരേഷ് റെയ്‌ന

ലഖ്‌നൗ: കുടുംബാംഗങ്ങള്‍ ക്രൂരമായി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നീതി നേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും പഞ്ചാബ് പൊലീസിനേയും സമീപിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. പഞ്ചാബിലെ എന്റെ കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നതിലും അപ്പുറത്താണെന്ന് റെയ്‌ന പറഞ്ഞു. 

അറുത്ത് കൊല്ലുകയായിരുന്നു എന്റെ അമ്മാവനെ. എന്റെ അച്ഛന്റെ സഹോദരിയും രണ്ട് കസിന്‍സിനും ഗുരുതരമായി പരിക്കേറ്റു. ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കേ അതില്‍ ഒരാള്‍ കൂടി ഇന്നലെ മരിച്ചു. ആന്റിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്, റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. 

ഈ നിമിഷം വരെ എന്താണ് സംഭവിച്ചത് എന്നോ, ആരാണ് അതിന് പിന്നിലെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഈ വിഷയത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് പഞ്ചാബ് പൊലീസിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ ക്രൂരകൃത്യം ചെയ്തത് ആര് എന്നെങ്കിലും ഞങ്ങള്‍ക്ക് അറിയണം. ഇനിയും ഇതുപോലെ ക്രൂരത ചെയ്യാന്‍ അവരെ വിട്ടുകൂടാ...പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനേയും ടാഗ് ചെയ്ത റെയ്‌ന ട്വീറ്റ് ചെയ്തു. 

ഓഗസ്റ്റ് 19നാണ് റെയ്‌നയുടെ ബന്ധുക്കള്‍ ആക്രമണത്തിന് ഇരയായത്. റെയ്‌നയുടെ പിതാവിന്റെ സഹോദരി ആശാ ദേവിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 

ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് റെയ്‌ന മടങ്ങിയതിന് പിന്നില്‍ ബന്ധുക്കള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിഷമമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്‌ന മടങ്ങുന്നത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ, കോവിഡ് ഭയത്തെ തുടര്‍ന്നാണ് റെയ്‌ന മടങ്ങിയത് എന്നും, ഹോട്ടല്‍ മുറിയില്‍ തൃപ്തിയുണ്ടായില്ല എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com