സുരേഷ് റെയ്നയുടെ സഹോദരനും മരിച്ചു; ആക്രമണം നടന്നിട്ട് രണ്ടാഴ്ച; അക്രമികൾ ഇപ്പോഴും ഒളിവിൽ

സുരേഷ് റെയ്നയുടെ സഹോദരനും മരിച്ചു; ആക്രമണം നടന്നിട്ട് രണ്ടാഴ്ച; അക്രമികൾ ഇപ്പോഴും ഒളിവിൽ
സുരേഷ് റെയ്നയുടെ സഹോദരനും മരിച്ചു; ആക്രമണം നടന്നിട്ട് രണ്ടാഴ്ച; അക്രമികൾ ഇപ്പോഴും ഒളിവിൽ

പഠാൻകോട്ട്: കൊള്ള സംഘത്തിന്റെ ആക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ യുവാവ് മരിച്ചു.  ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവിന്റെ സഹോദരിയുടെ മൂത്ത മകനായ കൗശൽ കുമാർ (32) ആണ് മരിച്ചത്. കൗശലിന്റെ പിതാവ് അശോക് കുമാർ ആക്രമണം നടന്ന ഓഗസ്റ്റ് 19ന് തന്നെ മരിച്ചിരുന്നു. 

പഞ്ചാബിലെ പഠാൻകോട്ടിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. റെയ്നയുടെ പിതൃസഹോദരി ആശാദേവിയും ഇവരുടെ ഇളയ മകൻ അപിൻ കുമാറും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ആക്രമണത്തിൽ പരുക്കേറ്റ അശോക് കുമാറിന്റെ അമ്മ സത്യദേവി ആശുപത്രി വിട്ടു.

ഓഗസ്റ്റ് 19ന് അർധരാത്രി വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്കുനേരെ ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. പണവും ആഭരണങ്ങളും അക്രമികൾ കവർന്നിട്ടുണ്ട്. ആക്രമണം നടന്നിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല.

അതിനിടെ, അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുരേഷ് റെയ്ന നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അക്രമികളെ പിടികൂടാൻ റെയ്ന പഞ്ചാബ് പൊലീസിന്റെയും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെയും സഹായം തേടി.

ഓഗസ്റ്റ് 19ന് രാത്രിയാണ് ആക്രമണം നടന്നതെങ്കിലും, ഐപിഎല്ലിനായി യുഎഇയിലെത്തിയ റെയ്ന ഒരാഴ്ചത്തെ ക്വാറന്റൈൻ കാലാവധിക്കു ശേഷം നാട്ടിലേക്കു മടങ്ങിയതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്. ഐപിഎൽ പൂർണമായും ഒഴിവാക്കി റെയ്ന നാട്ടിലേക്ക് മടങ്ങാൻ കാരണം ഉറ്റ ബന്ധുക്കൾക്കെതിരെ നടന്ന ഈ ആക്രമണമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com