haider
haider

റെക്കോഡ് തിരുത്തിയെഴുതി 19 കാരന്‍ ഹൈദര്‍ ; മാഞ്ചസ്റ്റര്‍ ട്വന്റി-20യില്‍ പാകിസ്ഥാന് അഞ്ചുറണ്‍സിന്റെ തകര്‍പ്പന്‍ ജയം

തകര്‍ച്ചയിലായ  പാകിസ്ഥാനെ ഹൈദറും ഹഫീസും ചേര്‍ന്ന് കരകയറ്റുകയായിരുന്നു

മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യില്‍ പാകിസ്ഥാന് ഉജ്ജ്വല വിജയം. അഞ്ചു റണ്‍സിനാണ് ഇംഗ്ലീഷ് പടയെ തകര്‍ത്തത്. ഇതോടെ മൂന്നുമല്‍സര പരമ്പര ഇരു ടീമുകളും പങ്കിട്ടു. ആദ്യമല്‍സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍, രണ്ടാം മല്‍സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. 

നിര്‍ണായക മല്‍സരത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 191 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 61 റണ്‍സെടുത്ത മോയിന്‍ അലിക്കും 46 റണ്‍സടിച്ച ടോം ബാന്റനും ഒഴികെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. 

പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദിയും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന രണ്ട് ഓവറില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 20 റണ്‍സ് എന്ന അവസ്ഥയില്‍ നില്‍ക്കെ, 19ാം ഓവര്‍ എറിഞ്ഞ വഹാബ് മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് രണ്ടു ഇംഗ്ലീഷ് വിക്കറ്റുകളാണ്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി. അരങ്ങേറ്റ താരം ഹൈദര്‍ അലിയും മുഹമ്മദ് ഹഫീസും നേടിയ അര്‍ധശതകങ്ങളാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടിന് 32 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായ പാകിസ്ഥാനെ മൂന്നാം വിക്കറ്റില്‍ ഹൈദറും ഹഫീസും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇവര്‍ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാന് കരുത്തായത്. 

വണ്‍ഡൗണായി ഇറങ്ങിയ 19 കാരനായ ഹൈദര്‍ അലി 33 പന്തില്‍ 54 റണ്‍സെടുത്തു. ഇതില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു. അര്‍ധശതകം നേടിയ ഹൈദര്‍, ട്വന്റി-20 അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന ബഹുമതിയും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഉമര്‍ അമീന്‍ നേടിയ 47 റണ്‍സാണ് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. 

33 പന്തില്‍ 54 റണ്‍‌സ് നേടിയ ഹൈദറിനെ ക്രിസ് ജോര്‍ദ്ദാനാണ് പുറത്താക്കിയത്.  52 പന്തില്‍ നിന്ന് പുറത്താകാതെ 86 റണ്‍സ് അടിച്ചെടുത്ത 39 കാരന്‍ മുഹമ്മദ് ഹഫീസാണ് പാക് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഹഫീസാണ് പരമ്പരയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com