മൂന്നാം പരിശോധനയിലും ആര്‍ക്കും കോവിഡില്ല; പരിശീലനത്തിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്

മൂന്നാം പരിശോധനയിലും ആര്‍ക്കും കോവിഡില്ല; പരിശീലനത്തിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്
മൂന്നാം പരിശോധനയിലും ആര്‍ക്കും കോവിഡില്ല; പരിശീലനത്തിനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ദുബായ്: ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആശങ്കകള്‍ക്ക് വിരാമം. രണ്ട് താരങ്ങളടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അനിശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും സംഘവും ഇന്ന് പരിശീലനത്തിന് ഇറങ്ങും. ടീമിന്റെ മൂന്നാം കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായതോടെയാണ് സംഘം പരിശീലനത്തിന് തുടക്കമിടാനൊരുങ്ങുന്നത്. 

ടീമിന്റെ പരിശീലനം ഇന്ന് ആരംഭിക്കുമെന്നും നേരത്തെ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയ 13 പേരൊഴിച്ച് ബാക്കി ടീമിലെ എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും ചെന്നൈ ടീമിന്റെ സിഇഒ കെഎസ് വിശ്വനാഥന്‍ വ്യക്തമാക്കി. ദീപക് ചഹര്‍, റിതുരാജ് എന്നീ താരങ്ങള്‍ക്കാണ് നേരത്തെ കോവിഡ് കണ്ടെത്തിയത്. ഇരുവര്‍ക്കും ഒപ്പം 11 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കുമായിരുന്നു വൈറസ് ബാധ. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം ഇവര്‍ക്ക് രണ്ട് പരിശോധനകള്‍ കൂടിയുണ്ട്. അതില്‍ നെഗറ്റീവായാല്‍ അവര്‍ ടീമിനൊപ്പം ചേരും. താരങ്ങള്‍ ഇരുവരും അതിന് ശേഷം പരിശീലനത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ടീമില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും കളിക്കാനിറങ്ങുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ടീമിനൊപ്പം ചേരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇതുവരെ താരം വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ഉടന്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ടീം അധികൃതര്‍ പറയുന്നത്. ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലാണ് ഇത്തവണത്തെ ഐപിഎല്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com