മെസിക്കൊപ്പം ആറ് വര്‍ഷങ്ങള്‍; ഇനി റൊണാള്‍ഡോയുടെ കൂടെ; ലൂയീസ് സുവാരസ് യുവന്റസിലേക്ക്?

മെസിക്കൊപ്പം ആറ് വര്‍ഷങ്ങള്‍; ഇനി റൊണാള്‍ഡോയുടെ കൂടെ; ലൂയീസ് സുവാരസ് യുവന്റസിലേക്ക്?
മെസിക്കൊപ്പം ആറ് വര്‍ഷങ്ങള്‍; ഇനി റൊണാള്‍ഡോയുടെ കൂടെ; ലൂയീസ് സുവാരസ് യുവന്റസിലേക്ക്?

മാഡ്രിഡ്: ലയണല്‍ മെസി ബാഴ്‌സലോണയ്‌ക്കൊപ്പം ഈ സീസണില്‍ തുടരുമെന്ന വാര്‍ത്ത ആരാധകര്‍ ആശ്വാസത്തോടെയാണ് കേട്ടത്. പിന്നാലെയിതാ മെസിയുടെ സുഹൃത്തും സഹ താരവുമായ ഉറുഗ്വെ സൂപ്പര്‍ താരം ലൂയീസ് സുവാരസ് ബാഴ്‌സലോണയുടെ പടിയിറങ്ങാന്‍ തീരുമാനിച്ചു. സുവാരസ് ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്കാണ് ചേക്കേറുന്നത്. മെസിക്കൊപ്പം മുന്നേറ്റത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സുവാരസ് ഇനി ടൂറിനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പോരിനിറങ്ങും. 

താരം യുവന്റസുമായി വ്യക്തിപരമായി കരാറിലെത്തിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡോ കോമാന്റെ പദ്ധതിയില്‍ സുവാരസിന് കാര്യമായ റോളുകളില്ല എന്നത് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. സമാന സാഹചര്യത്തിലായിരുന്ന ക്രൊയേഷ്യന്‍ വെറ്ററന്‍ താരം ഇവാന്‍ റാക്കിറ്റിച്ച് തന്റെ പഴയ തട്ടകമായി സെവിയ്യയിലേക്ക് ചേക്കേറി കഴിഞ്ഞു. പിന്നാലെയാണ് സുവാരസും ക്ലബിനോട് ഗുഡ്‌ബൈ പറയാനൊരുങ്ങുന്നത്. 

സുവാരസ് പുറത്ത് പോകുമ്പോള്‍ പകരം ലിയോണിന്റെ ഹോളണ്ട് താരം മെംഫിസ് ഡിപേയെ എത്തിക്കാനുള്ള പദ്ധതിയിലാണ് ബാഴ്‌സലോണ. 

2014ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളില്‍ നിന്നാണ് സുവാരസ് നൗകാമ്പിലെത്തുന്നത്. പിന്നീട് ബാഴ്‌സലോണയുടെ മുന്നേറ്റത്തില്‍ മെസിക്കൊപ്പം നിര്‍ണായക റോളിലായിരുന്നു കഴിഞ്ഞ ആറ് വര്‍ഷമായി ഉറുഗ്വെന്‍ താരം. മെസി- സുവാരസ്- നെയ്മര്‍ ത്രയം എംഎസ്എന്‍ എന്ന പേരില്‍ വലിയ തരംഗമാണ് ഫുട്‌ബോള്‍ ലോകത്ത് തീര്‍ത്തത്. 

283 മത്സരങ്ങളിലായി ബാഴ്‌സയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സുവാരസ് 198 ഗോളുകളും നേടി. നാല് ലാ ലിഗ, നാല് സ്പാനിഷ് കപ്പ്, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. ഉറുഗ്വെയ്ക്കായി 113 മത്സരങ്ങള്‍ കളിച്ച സുവാരസ് 2011 കോപ അമേരിക്ക കിരീടം നേടിയ ഉറുഗ്വെ ടീമിലും അംഗമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com