'ഇതിഹാസങ്ങൾ ഇങ്ങനെയാണ്'; സ്മിത്തിനെ ചൂണ്ടി, കോട്ടുവായ് പരിഹാസത്തിന് സർഫറാസിന്റെ ഭാര്യയുടെ മറുപടി

'ഇതിഹാസങ്ങൾ ഇങ്ങനെയാണ്'; സ്മിത്തിനെ ചൂണ്ടി, കോട്ടുവായ് പരിഹാസത്തിന് സർഫറാസിന്റെ ഭാര്യയുടെ മറുപടി
'ഇതിഹാസങ്ങൾ ഇങ്ങനെയാണ്'; സ്മിത്തിനെ ചൂണ്ടി, കോട്ടുവായ് പരിഹാസത്തിന് സർഫറാസിന്റെ ഭാര്യയുടെ മറുപടി

കറാച്ചി: കോട്ടുവായ് ഇട്ടതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹസാമേറ്റു വാങ്ങേണ്ടി വന്ന പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ പിന്തുണച്ച് ഭാര്യ ഖുശ്ബക്ത്. ഈയടുത്ത് സമാപിച്ച ഇം​ഗ്ലണ്ട് പര്യടനത്തിനിടെയാണ് സർഫറാസ് കോട്ടുവായ് ഇട്ട് ആരാധകരുടെ ട്രോളിന് ഇരയായത്.  

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ സർഫറാസ് കോട്ടുവായ് ഇട്ടിരുന്നു. ഈ ദൃശ്യം ക്യാമറ മാൻ പകർത്തിയതോടെ സോഷ്യൽ മീഡിയയിൽ സർഫറാസിനെ പരിഹസിച്ചുള്ള ട്രോളുകൾ നിറഞ്ഞു. കളിക്കിടെ കോട്ടുവായ് ഇട്ടതിന്റെ പേരിൽ പരിഹസിക്കപ്പെട്ട ആദ്യ ക്രിക്കറ്റ് താരം കൂടിയായി സർഫറാസ് അന്ന് മാറി. സമാനമായ രീതിയിൽ തന്നെയാണ് ഇപ്പോഴും താരത്തിനെതിരെ ആരാധകർ രം​ഗത്തെത്തിയത്.  

ഈയടുത്ത് സമാപിച്ച ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു സമീപ കാലത്തെ താരത്തിന്റെ കോട്ടുവായ് ഇടൽ. ടെസ്റ്റ് പരമ്പരയിൽ സർഫറാസ് കളിച്ചില്ലെങ്കിലും താരത്തിന്റെ കോട്ടുവായ് അന്നും പരിഹസിക്കപ്പെട്ടു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കോട്ടുവായ് ഇടുന്ന ആദ്യ താരം എന്ന രീതിയിലായിരുന്നു പരിഹാസം.

ഈ പരിഹസങ്ങൾക്കുള്ള മറുപടിയെന്നോണമാണ് സർഫറാസിന്റെ ഭാര്യ ഖുശ്ബക്ത് രം​ഗത്തെത്തിയത്.  ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് കോട്ടുവായ് ഇടുന്ന ചിത്രം ട്വീറ്റ് ചെയ്താണ് ഖുശ്ബക്ത് ഭർത്താവിന് പിന്തുണ നൽകിയത്. 'ഇതിഹാസ താരങ്ങൾ ഇങ്ങനെയാണ്' എന്ന കുറിപ്പോടെയാണ് സ്മിത്ത് കോട്ടുവായ് ഇടുന്ന ചിത്രം ഖുശ്ബക്ത് ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20യ്ക്കിടെയാണ് സ്മിത്ത് കോട്ടുവായ് ഇട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് ഡ്രസിങ് റൂമിലിരുന്ന് സ്മിത്ത് കോട്ടുവായ് ഇട്ടത്. ഇതു ക്യാമറയിൽ പതിഞ്ഞതോടെ ആരാധകർ ഏറ്റെടുത്തു.

അതേസമയം കോട്ടുവായ് ഇട്ടതിന്റെ പേരിലുള്ള പരിഹാസങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് സർഫറാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'കോട്ടുവായ് ഇടുന്നത് ഒരു സാധാരണ കാര്യമാണ്. ഞാൻ പാപമൊന്നും അല്ല ചെയ്തത്. ഞാൻ കോട്ടുവായ് ഇട്ടത് ഉപയോഗിച്ച് ആളുകൾ പണമുണ്ടാക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ലേ..' ഇതായിരുന്നു സർഫറാസിന്റെ പ്രതികരണം. 

ഖുശ്ബക്തിന്റെ ട്വീറ്റിന് താഴെ ചിലർ മഹേന്ദ്ര സിങ് ധോനി, ക്രിസ് ​ഗെയ്ൽ എന്നിവർ കോട്ടുവായ് ഇടുന്ന ചിത്രങ്ങൾ പങ്കിട്ട് മറുപടി പറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com