'താങ്കള്‍ പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th September 2020 04:47 PM  |  

Last Updated: 06th September 2020 04:50 PM  |   A+A-   |  


അബുദാബി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് കഴിഞ്ഞ ദിവസം അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി ഈ സീസണില്‍ കൂടി ബാഴ്‌സലോണയില്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്. ക്ലബിനെ കോടതി കയറ്റാന്‍ താത്പര്യമില്ലാത്തതിനാലാണ് താന്‍ ടീമില്‍ തുടരാന്‍ തീരുമാനിച്ചതെന്ന്  മെസി വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ ബാഴ്‌സലോണയില്‍ തുടരാനുള്ള തീരുമാനം എടുത്ത മെസിയെ രസകരമായൊരു ട്വീറ്റില്‍ പരാമര്‍ശിച്ച് വിരാട് കോഹ്‌ലി നായകനായ ഐപിഎല്‍ ടീം  റോയല്‍ ചലഞ്ചേഴ്‌സ് ബാ​ഗ്ലൂർ. പരിശീലനത്തിന്റെ ഭാഗമായി കോഹ്‌ലിയും സഹ താരങ്ങളും ഫുട്‌ബോള്‍ കളിക്കുന്ന ചിത്രം ഒപ്പം ചേര്‍ത്താണ് ആര്‍സിബിയുടെ ട്വീറ്റ്. 'മെസിയെ റോയല്‍ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തായിരുന്നു അവരുടെ പോസ്റ്റ്. മെസി പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'- എന്നൊരു കുറിപ്പും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. 

ഈ മാസം 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ആര്‍സിബി. കോഹ്‌ലിയും സംഘവും കഠിന പരിശീലനതത്തിലാണിപ്പോള്‍. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേരിടാന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. കോഹ്‌ലി, ഡിവില്ല്യേഴ്‌സ് തുടങ്ങി വമ്പന്‍ താര നിരയുണ്ടായിട്ടും അവര്‍ക്ക് കിരീടം കിട്ടാക്കനിയായി നില്‍ക്കുകയാണ്. അതിന് ഈ സീസണില്‍ വിരാമം കുറിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ടീം.