ബാഴ്സലോണ കുപ്പായത്തിൽ വീണ്ടും മെസി; സൂപ്പർ താരം പരിശീലനം പുനരാരംഭിച്ചു

ബാഴ്സലോണ കുപ്പായത്തിൽ വീണ്ടും മെസി; സൂപ്പർ താരം പരിശീലനം പുനരാരംഭിച്ചു
ബാഴ്സലോണ കുപ്പായത്തിൽ വീണ്ടും മെസി; സൂപ്പർ താരം പരിശീലനം പുനരാരംഭിച്ചു

മാഡ്രിഡ്: ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് അർജന്റീന ഇതിഹാസം ലയണൽ മെസി ഈ സീസണിൽ കൂടി താൻ ബാഴ്സലോണയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സീസണിന് മുന്നോടിയായുള്ള പരിശീലനത്തിന് താരം ബാഴ്സ കുപ്പായത്തിൽ ഇറങ്ങി. പുതിയ പരിശീലകൻ റൊണാൾഡ് കോമാന് കീഴിൽ മെസിയുടെ ആദ്യ പരിശീലന സെഷനാണിത്. കോവിഡ് പരിശോധന നടത്തിയാണ് താരം പരിശീലനം ആരംഭിച്ചത്. 

ഇന്ന് ബാഴ്സയുടെ മൂന്നാമത്തെ ജേഴ്സി ധരിച്ച മെസിയുടെ ചിത്രം ക്ലബ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം പരിശീലനത്തിനിറങ്ങിയത്. 

കഴിഞ്ഞ മാസം 25നാണ് മെസി ക്ലബ്ബ് വിടുകയാണെന്ന് അറിയിച്ച് ബാഴ്സ മാനേജ്മെന്റിന് ഫാക്സ് സന്ദേശം അയച്ച് ആരാധകരെ ഞെട്ടിച്ചത്.  പിന്നാലെ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി കളിക്കാർക്കായി നടത്തിയ കോവിഡ് പരിധോനയ്ക്ക് താരം എത്തിയില്ല. എന്നാൽ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ് വിടാനാകില്ലെന്ന ബാഴ്സലോണ നിലപാട് കടുപ്പിച്ചതോടെ മെസിയുടെ ക്ലബ് മാറൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു. 

ക്ലബ് വിടുകയാണെന്ന നിലപാടിൽ മെസി ഉറച്ചു നിന്നെങ്കിലും ക്ലബ് വിടുകയാണെങ്കിൽ റിലീസ് ക്ലോസ് ആയി 700 മില്യൺ യൂറോ (ഏകദേശം 6150 കോടി രൂപ) നൽകണമെന്ന് ബാഴ്സലോണ ടീം മാനേജ്മെന്റും ലാ ലിഗ അധികൃതരും വ്യക്തമാക്കി. ഇതോടെ ജീവന് തുല്യം സ്നേഹിക്കുന്ന ക്ലബിനെ കോടതി കയറ്റാനില്ലെന്ന് വ്യക്തമാക്കി മെസി ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചത്. 

നിയമ പോരാട്ടം ഒഴിവാക്കേണ്ടതു കൊണ്ട് മാത്രമാണ് ക്ലബിൽ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ബാഴ്സലോണയിൽ താൻ അതൃപ്തനാണെന്നും ക്ലബ് വിടാൻ തീരുമാനിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി. ക്ലബ് പ്രസിഡന്റ് ജോസഫ് ബർതോമ്യുവിന്റെ നേതൃത്വത്തിലുള്ള ബാഴ്സ മാനേജ്മെന്റ് ദുരന്തമാണെന്നും മെസി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com