അബദ്ധത്തില്‍ സംഭവിച്ചതാണോ അത്? എങ്കില്‍ 2016ലെ ഫ്രഞ്ച് ഓപ്പണിലും, 2015ലെ വിംബിള്‍ഡണിലും സംഭവിച്ചത് എന്താണ്?

കാണികള്‍ക്ക് നേരെ അസഭ്യം പറഞ്ഞും, ബോള്‍ ബോയിസിനെ ശകാരിച്ചും, റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് തല്ലി ഉടച്ചും, അമ്പയറോട് മോശമായി പെരുമാറിയുമെല്ലാം ജോക്കോവിച്ചിനെ കോര്‍ട്ടില്‍ കാണാം 
അബദ്ധത്തില്‍ സംഭവിച്ചതാണോ അത്? എങ്കില്‍ 2016ലെ ഫ്രഞ്ച് ഓപ്പണിലും, 2015ലെ വിംബിള്‍ഡണിലും സംഭവിച്ചത് എന്താണ്?


യുഎസ് ഓപ്പണില്‍ ലൈന്‍ റഫറിയുടെ നേരെ പന്ത് തട്ടിയതിന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മാപ്പ് പറഞ്ഞു. അവിടെയുണ്ടായിരുന്ന ലൈന്‍സ് പേഴ്‌സണിന് എല്ലാ വിധ പിന്തുണയും നല്‍കണം എന്നാണ് ജോക്കോവിച്ച് ആവശ്യപ്പെടുന്നത്. എന്നാല്‍ ജോക്കോവിച്ച് അര്‍ഹിച്ച ശിക്ഷ തന്നെയാണ് ടൂര്‍ണമെന്റില്‍ നിന്ന് അയോഗ്യനാക്കിയതിലൂടെ ലഭിച്ചത് എന്ന വിലയിരുത്തലാണ് ശക്തം. 

കാണികള്‍ക്ക് നേരെ അസഭ്യം പറഞ്ഞും, ബോള്‍ ബോയിസിനെ ശകാരിച്ചും, റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് തല്ലി ഉടച്ചും, അമ്പയറോട് മോശമായി പെരുമാറിയുമെല്ലാം ജോക്കോവിച്ചില്‍ നിന്നുണ്ടായ സമീപനമെല്ലാം ടെന്നീസ് ആരാധകരുടെ മനസിലുണ്ടാവും. 2016ലെ ഫ്രഞ്ച് ഓപ്പണില്‍ നേരിയ വ്യത്യാസത്തിനാണ് ജോക്കോവിച്ച് വലിച്ചെറിഞ്ഞ റാക്കറ്റ് ലൈന്‍സ് പേഴ്‌സണിന്റേ ദേഹത്ത് അടിക്കാതെ കടന്നു പോയത്. നിങ്ങള്‍ ഫേമസ് ആവാന്‍ വേണ്ടതെല്ലാം ചെയ്തു എന്നാണ് അമ്പയറുടെ ഷൂസില്‍ തട്ടി മറ്റൊരിക്കല്‍ ജോക്കോവിച്ച് പറഞ്ഞത്. 

2016 ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാക്കറ്റ് വലിച്ചെറിയും മുന്‍പ്, ആ മാസം തന്നെ മൂന്ന് വട്ടമാണ് ജോക്കോവിച്ചില്‍ നിന്ന് കളിക്കളത്തില്‍ മോശം പെരുമാറ്റമുണ്ടായത്. മൂന്നിലും ജോക്കോവിച്ചിന് ശിക്ഷ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. റോമില്‍ ആദ്യം അമ്പയര്‍ക്കെതിരെ മോശം പരാമര്‍ശം, റോമില്‍ തന്നെ റാക്കറ്റ് ക്വാര്‍ട്ടിന് പുറത്തേക്ക് വലിച്ചെറിഞ്ഞത് വന്ന് വീണത് കാണികള്‍ക്ക് നേരെ...

15 വര്‍ഷത്തെ കരിയറില്‍ ഫെഡററും, നദാലും കോര്‍ട്ടില്‍ എറിഞ്ഞുടച്ച റാക്കറ്റിന്റെ അത്രയും 2016ല്‍ മാത്രം ജോക്കോവിച്ച് ഉടച്ചിട്ടുണ്ട്. 2015ലെ വിംബിള്‍ഡണില്‍ കെവിന്‍ ആന്‍ഡേഴ്‌സനെതിരായ മത്സരത്തിന് ഇടയില്‍ ബോള്‍ ഗേളിനോട് ജോക്കോവിച്ച് കയര്‍ത്തിരുന്നു. 2015ല്‍ മിയാമിയില്‍ ബോള്‍ ബോയിക്ക് നേരെയാണ് ജോക്കോവിച്ചിന്റെ ആക്രോശമുണ്ടായത്. 

യുഎസ് ഓപ്പണില്‍ നിന്ന് വിലക്കിയത് പോലൊരു ശിക്ഷ ജോക്കോവിച്ചിനെ കാത്തിരിക്കുന്നു എന്ന് തനിക്ക് തോന്നിയതായാണ് മുന്‍ ടെന്നീസ് താരം ബോറിസ് ബെക്കര്‍ പ്രതികരിച്ചത്. റഫേല്‍ നദാലിനെ പോലെ, റോജര്‍ ഫെഡററെ പോലെ പ്രശസ്തി തന്നിലേക്ക് വരാത്തത് ജോക്കോവിച്ചിനെ അലട്ടുന്നതായി തനിക്ക് തോന്നുന്നതായുമാണ് ബോറിസ് ബെക്കര്‍ പറയുന്നത്. 

2016 ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ച് റാക്കറ്റ് വലിച്ചെറിഞ്ഞ സമയം ഞാന്‍ അദ്ദേഹത്തിന്റെ കോച്ചിങ് ടീമിലുണ്ടായിരുന്നു. ഇങ്ങനെ ചെയ്യരുത് എന്ന് അന്ന് ഞാന്‍ ജോക്കോവിച്ചിന് മുന്നറിയിപ്പ് നല്‍കിയതാണ്. വൈകാരികമായി കളിക്കുന്ന വ്യക്തിയാണ് ജോക്കോവിച്ച്. 17 ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് എത്താന്‍ ജോക്കോവിച്ചിനെ തുണച്ചതും അതാണെന്നും ബോറിസ് ബെക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com