യുവരാജ് സിങ് ബിഗ് ബാഷ് ലീഗിലേക്ക്, ടീമിനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ

നിലവില്‍, വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ സാധിക്കുക
യുവരാജ് സിങ് ബിഗ് ബാഷ് ലീഗിലേക്ക്, ടീമിനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: യുവരാജ് സിങ് ഓസ്‌ട്രേലിയയുടെ ട്വന്റി20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗില്‍ കളിച്ചേക്കും. യുവിക്കായി ബിഗ് ബാഷ് ലീഗ് ടീമിനെ കണ്ടെത്താനുള്ള ശ്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരംഭിച്ചതായി സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ സാധിക്കുക. ബിബിഎല്ലില്‍ ഇതുവരെ ഒരു ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരം കളിച്ചിട്ടില്ല. യുവി ബിബിള്‍ കളിക്കാന്‍ ഒരുങ്ങുന്നതായി താരത്തിന്റെ മാനേജര്‍ ജാസന്‍ വോണ്‍ സ്ഥിരീകരിച്ചു. 

ഇന്ത്യന്‍ കളിക്കാര്‍ ടൂര്‍ണമെന്റിലേക്ക് വരുന്നത് വലിയ പ്രചോദനം നല്‍കുമെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെയിന്‍ വാട്‌സന്‍ പ്രതികരിച്ചത്. ഇന്ത്യക്കായി കളിക്കാനാവാതെ മാറി നില്‍ക്കുന്ന നിരവധി ലോകോത്തര ഇന്ത്യന്‍ താരങ്ങളുണ്ട്. അവര്‍ക്ക് ബിഗ് ബാഷ് പോലെ മറ്റ് ടൂര്‍ണമെന്റുകള്‍ കളിക്കാനായാല്‍ അത് വലിയ വ്യത്യാസം സൃഷ്ടിക്കുമെന്നും വാട്‌സന്‍ പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി നൂറ് ബോള്‍ ക്രിക്കറ്റ് കളിക്കണം എന്ന ആഗ്രഹവും വാട്‌സന്‍ പങ്കുവെച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുവരാജ് സിങ് കഴിഞ്ഞ വര്‍ഷം കാനഡ ട്വന്റി20 ലീഗില്‍ കളിച്ചിരുന്നു. 

2017ലാണ് യുവരാജ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് യുവരാജ് കണ്ടെത്തിയ യുവരാജ് 111 വിക്കറ്റും അക്കൗണ്ടിലാക്കി. 40 ടെസ്റ്റും, 58 ട്വന്റി20യും യുവി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com