ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ഐപിഎല്ലിനാവും, ഏറെ പ്രത്യേകതയുള്ള വര്‍ഷമെന്ന് ഉത്തപ്പ

'മനുഷ്യ വംശം എന്ന നിലയില്‍ നമ്മള്‍ കടന്നു പോവുന്ന സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ഐപിഎല്‍ പ്രത്യേകതയുള്ളതാണ് '
ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ഐപിഎല്ലിനാവും, ഏറെ പ്രത്യേകതയുള്ള വര്‍ഷമെന്ന് ഉത്തപ്പ


ദുബായ്: സാധാരണ നിലയിലേക്ക് ജീവിതം എത്തിയെന്ന തോന്നല്‍ നല്‍കാന്‍ ഐപിഎല്ലിന് സാധിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്‍ വളരെ ഏറെ പ്രത്യേകതയുള്ളതാണെന്നും ഉത്തപ്പ പറഞ്ഞു. 

കളിയിലേക്ക് മടങ്ങാന്‍ സാധിച്ചതിലും മത്സരിക്കാനാവുന്നതിലും അതിയായ സന്തോഷമുണ്ട്, വ്യക്തിപരമായും ടീം എന്ന നിലയിലും. മനുഷ്യ വംശം എന്ന നിലയില്‍ നമ്മള്‍ കടന്നു പോവുന്ന സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ഐപിഎല്‍ പ്രത്യേകതയുള്ളതാണെന്ന് ഉത്തപ്പ ചൂണ്ടിക്കാണിച്ചു. 

സാധാരണ നിലയിലേക്ക് ജീവിതം മടങ്ങുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് നമ്മള്‍. ഈ ടൂര്‍മെന്റ് ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നത് പോലൊരു തോന്നല്‍ നമുക്ക് നല്‍കും. ഇന്ത്യക്കാരും, ലോകത്തുള്ള ക്രിക്കറ്റ് പ്രേമികളും ഐപിഎല്ലിനായി കാത്തിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത്തവത്തേത് വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഐപിഎല്ലാണ്, രാജസ്ഥാന്‍ റോയല്‍സ് താരം പറഞ്ഞു. 

മറ്റ് ടീമുകളെ പോലെ നന്നായി കളിച്ച് കിരീടം ചൂടുക എന്നതാണ് ഞങ്ങളുടേയും ലക്ഷ്യം. യുവതാരം യശസ്വി ജയ്‌സ്വാളിനെ ഉത്തപ്പ പ്രശംസ കൊണ്ട് മൂടുകയും ചെയ്തു. ഭാവിയിലേക്കുള്ള വിസ്മയിപ്പിക്കുന്ന താരമാണ് യശസ്വി. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികവും, കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുന്നതും യശസ്വിക്ക് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കും, ഉത്തപ്പ പറഞ്ഞു. 

177 ഐപിഎല്‍ മത്സരങ്ങളാണ് ഉത്തപ്പ ഇതുവരെ കളിച്ചത്. 130.50 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ നേടിയത് 4411 റണ്‍സും. പതിമൂന്നാം ഐപിഎല്‍ സീസണിന് മുന്‍പായുള്ള ലേലത്തില്‍ മൂന്ന് കോടി രൂപയ്ക്കാണ് ഉത്തപ്പയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com