അത് അക്തറിന്റെ മോഹം മാത്രം, മുന്‍ പേസറെ ചീഫ് സെലക്ടറാക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2020 03:43 PM  |  

Last Updated: 12th September 2020 03:43 PM  |   A+A-   |  

akthar6

 

ലാഹോര്‍: പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അക്തറെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതായാണ് പാക് മാധ്യമ പ്രവര്‍ത്തകന്‍ സാജ് സാദിഖ് പറയുന്നത്. 

നിലവില്‍ മിസ്ബാ ഉള്‍ ഹഖ് ആണ് പാക് ക്രിക്കറ്റ് ടീമിലെ ചീഫ് സെലക്ടറും, മുഖ്യ പരിശീലകനും. ചീഫ് സെലക്ടര്‍ സ്ഥാനം മിസ്ബായില്‍ നിന്ന് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പാക് ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പദവിയിലേക്ക് താന്‍ എത്തിയേക്കുമെന്നും ചര്‍ച്ചകള്‍ നടക്കുന്നതായുമാണ് അക്തര്‍ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞത്. 

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും, താനും പിസിബിയും സമ്മതം മൂളിയിട്ടില്ലെന്നും അക്തര്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിഷേധിക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കാണാതെ പുറത്തേക്ക് പോയതിന് പിന്നാലെയാണ് മിസ്ബായ്ക്ക് പിസിബി പ്രധാന ചുമതലകള്‍ നല്‍കിയത്. 

എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ ഉള്‍പ്പെടെ മികവ് കാണിക്കാന്‍ പാക് ക്രിക്കറ്റ് ടീമിനായില്ല. ടീം സെലക്ഷനില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി അക്തര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചീഫ് സെലക്ടര്‍ പദവി മിസ്ബായില്‍ നിന്ന് മാറ്റിയാല്‍ അത് ജോലിഭാരം കുറക്കുമെന്ന് വസീം അക്രം ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.