ലീഗ് വണ്ണിലെ കയ്യാങ്കളി; വംശീയമായി അധിക്ഷേപിച്ചു, നെയ്മര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി

ഗോണ്‍സാലെസിന്റെ മുഖത്ത് ഇടിക്കാത്തതില്‍ മാത്രമാണ് തനിക്ക് കുറ്റബോധം എന്നും നെയ്മര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
ലീഗ് വണ്ണിലെ കയ്യാങ്കളി; വംശീയമായി അധിക്ഷേപിച്ചു, നെയ്മര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി


പാരിസ്: ലീഗ് വണ്ണില്‍ മാഴ്‌സക്കെതിരായ മത്സരത്തിന് ഇടയില്‍ വംശീയ അധിക്ഷേപം നേരിട്ടെന്ന നെയ്മറുടെ വാദത്തെ തുണച്ച് പിഎസ്ജി. തനിക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായതോടെയാണ് അല്‍വാരോ ഗൊണ്‍സാലെസിന്റെ തലക്ക് കുത്തിയത് എന്നാണ് നെയ്മര്‍ മത്സരത്തിന് ശേഷം പ്രതികരിച്ചത്. 

ഗോണ്‍സാലെസിന്റെ മുഖത്ത് ഇടിക്കാത്തതില്‍ മാത്രമാണ് തനിക്ക് കുറ്റബോധം എന്നും നെയ്മര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫ്രഞ്ച് ലീഗിലെ ഗവേണിങ് ബോഡിയായ എല്‍എഫ്പിയുടെ അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പിഎസ്ജി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. 

ലീഗ് വണ്ണില്‍ പിഎസ്ജി തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട മത്സരത്തില്‍ അഞ്ച് ചുപ്പുകാര്‍ഡും, 12 മഞ്ഞ കാര്‍ഡുമാണ് കണ്ടത്. പിഎസ്ജിയുടെ കുര്‍സാവ, നെയ്മര്‍, പരെദാസ് എന്നിവര്‍ക്കും മാഴ്‌സെയുടെ അമാവി, ബെനെഡെട്ടോ എന്നിവര്‍ക്കുമാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്. 

മാഴ്‌സയും കഴിഞ്ഞ ദിവസം വിശദീകരണവുമായി എത്തിയിരുന്നു. ഗോണ്‍സാലെസ് വംശീയ വിദ്വേഷി അല്ലെന്നാണ് മാഴ്‌സയുടെ പ്രതികരണം. അക്കാര്യം ക്ലബിനും ടീം അംഗങ്ങള്‍ക്കും വ്യക്തമാണ്. ഗൗരവമായ വിവാദമാണ് ഇത്. ഗൗരവമായ പ്രത്യാഘാതങ്ങളും ഉണ്ടായി കഴിഞ്ഞു. ഗോണ്‍സാലെസിന്റേയും കുടുംബാംഗങ്ങളുടേയും ഫോണ്‍ നമ്പറുകള്‍ ബ്രസീലിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ അപലപിക്കുന്നതായും മാഴ്‌സ പ്രസ്തവനയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com