യുഎഇയില്‍ പര്‍പ്പിള്‍ ക്യാപ്പ്  ആരുടെ തലയിലാവും? സാധ്യത ഈ അഞ്ച് പേര്‍ക്ക് 

ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്‍തൂക്കമുള്ള ട്വന്റി20യില്‍ പക്ഷേ ബാറ്റ്‌സ്മാന്മാര്‍ക്ക് മൂക്കു കയറിടാനുള്ള തന്ത്രങ്ങള്‍ ബൗളര്‍മാരുടെ പക്കലുണ്ട്...
യുഎഇയില്‍ പര്‍പ്പിള്‍ ക്യാപ്പ്  ആരുടെ തലയിലാവും? സാധ്യത ഈ അഞ്ച് പേര്‍ക്ക് 

ഐപിഎല്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ആരെല്ലാമാവും ഇത്തവണ അരങ്ങ് വാഴുന്നത് എന്ന കണക്കു കൂട്ടലുകളിലാണ് ആരാധകര്‍. ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്‍തൂക്കമുള്ള ട്വന്റി20യില്‍ പക്ഷേ ബാറ്റ്‌സ്മാന്മാര്‍ക്ക് മൂക്കു കയറിടാനുള്ള തന്ത്രങ്ങള്‍ ബൗളര്‍മാരുടെ പക്കലുണ്ട്...ആ തന്ത്രങ്ങളുമായി പര്‍പ്പിള്‍ ക്യാപ് തലയിലേറ്റാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ ഇവരാണ്...

ബൂമ്ര

ന്യൂബോളില്‍ ബൂമ്രക്ക് മികവ് കാണിക്കാനാവുന്നില്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഈ സീസണില്‍ മലിംഗയുടെ അഭാവത്തില്‍ ന്യൂബോളില്‍ ബൂമ്രയുടെ മേല്‍ ഉത്തരവാദിത്വം എത്തുന്നു. ഒപ്പം ഡെത്ത് ഓവറില്‍ മികവ് കാണിക്കേണ്ടതിന്റേയും. കഴിഞ്ഞ സീസണില്‍ മുംബൈക്കായി 19 വിക്കറ്റ് വീഴ്ത്തി ടീമിന്റെ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ നിന്നത് ബൂമ്രയാണ്. ഈ വര്‍ഷവും വിക്കറ്റ് വേട്ടയില്‍ ബൂമ്ര പിന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്...

പാറ്റ് കമിന്‍സ്

15.5 കോടി രൂപയ്ക്കാണ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. അതിന്റെ സമ്മര്‍ദം കമിന്‍സിന് മുകളിലുണ്ടാവും. തന്റെ തുകയെ തൃപ്തിപ്പെടുത്തും വിധം പ്രകടനം കമിന്‍സില്‍ നിന്ന് വരേണ്ടതുണ്ട്. ഫോമിലാണ് കമിന്‍സ് എന്നത് കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കുന്നു. ഓസീസ് പേസറുടെ സ്പീഡും, കൃത്യതയും ഈ സീസണില്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കാനാണ് സാധ്യത. 

റാഷിദ് ഖാന്‍ 

സണ്‍റൈസേഴ്‌സിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലാണ് റാഷിദ് ഖാന്‍. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കും, മധ്യനിരയെ ചിട്ടുകൊട്ടാരമാക്കാനുള്ള ശേഷിയും അഫ്ഗാന്‍ ലെഗ് സ്പിന്നറുടെ കരുത്താണ്. കഴിഞ്ഞ സീസണില്‍ 15 കളിയില്‍ നിന്ന് 17 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. യുഎഇയിലെ സ്പിന്നിനെ തുണക്കുമെന്ന് കരുതപ്പെടുന്ന പിച്ചില്‍ റാഷിദിന് സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. 

റബാഡ

സാഹചര്യങ്ങളോട് ഇണങ്ങി കളിക്കാനാവുന്നു എന്നതാണ് റബാഡയുടെ പ്രധാന സവിശേഷത, വിക്കറ്റ് വീഴ്ത്തുമെന്ന ഉറപ്പും. കഴിഞ്ഞ സീസണില്‍ 25 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ്പിന് അടുത്തെത്തുകയും ചെയ്തിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫാസ്റ്റ് ബൗളര്‍. 

ദീപക് ചഹര്‍, ഇമ്രാന്‍ താഹീര്‍

22 വിക്കറ്റാണ് ദീപക് ചഹര്‍ കഴിഞ്ഞ സീസണില്‍ വീഴ്ത്തിയത്. ഇമ്രാന്‍ താഹീര്‍ 26 വിക്കറ്റും. എന്നാല്‍ ഈ സീസണില്‍ ചഹറിന് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട പര്‍പ്പിള്‍ ക്യാപ്പ് വീണ്ടെടുക്കാന്‍ സാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം വിന്‍ഡിസിനെതിരെ ചഹര്‍ പുറത്തെടുത്ത മികവ് ഐപിഎല്ലിലേക്ക് കൊണ്ടുവരാനായാല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com