ക്വാറന്റൈന്‍ 36 മണിക്കൂര്‍ മാത്രം, ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്ക് ഇളവ്

ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേതുമായി 21 കളിക്കാരാണ് ദുബായിലേക്ക് ഐപിഎല്ലിനായി എത്തുന്ന
ക്വാറന്റൈന്‍ 36 മണിക്കൂര്‍ മാത്രം, ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്ക് ഇളവ്


ദുബായ്: ഐപിഎല്ലിനായി എത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്റൈനില്‍ ഇളവ്. 36 മണിക്കൂര്‍ മാത്രമാണ് ഇവര്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടത്. 

ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേതുമായി 21 കളിക്കാരാണ് ദുബായിലേക്ക് ഐപിഎല്ലിനായി എത്തുന്നത്. നേരത്തെ, ആറ് ദിവസം കളിക്കാര്‍ ക്വാറന്റൈനില്‍ കഴിയണം എന്നായിരുന്നു വ്യവസ്ഥ. ക്വാറന്റൈന്‍ 36 മണിക്കൂറാക്കി കുറച്ചതോടെ മിക്ക ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാന കളിക്കാരെ ആദ്യ മത്സരം മുതല്‍ ഇറക്കാം. 

യുഎഇയിലേക്ക് വിമാനം കയറുന്നതിന് മുന്‍പും, യുഎഇയില്‍ എത്തിയതിന് ശേഷവും കളിക്കാര്‍ കോവിഡ് പരിശോധനക്ക് വിധേയമാവും. ഒരു ബയോ ബബിളില്‍ നിന്ന് മറ്റൊരു ബബിളിലേക്ക് പ്രവേശിക്കുന്നു എന്നതിനാലാണ് ക്വാറന്റൈന്‍ സമയം 36 മണിക്കൂറായി കുറച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയയുടെ പ്രധാന താരങ്ങളില്‍ ഒരാള്‍ ക്വാറന്റൈന്‍ മൂന്ന് ദിവസമായി ചുരുക്കണം എന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കത്തയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വാറന്റൈനില്‍ ഇളവ് ലഭിച്ചതോടെ ചെന്നൈ താരങ്ങളായ ഹസല്‍വുഡ്, ടോം കറാന്‍ എന്നിവര്‍ക്കും, രാജസ്ഥാന്‍ താരങ്ങളായ സ്മിത്ത്, ബട്ട്‌ലര്‍, ആര്‍ച്ചര്‍ എന്നിവര്‍ക്കും ആദ്യ മത്സരം മുതല്‍ ഇറങ്ങാം. 

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മാക്‌സ്വെല്ലിനും, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെയ്‌റേക്കും ആദ്യ മത്സരം നഷ്ടമാവില്ല. ആറ് ദിവസത്തെ ക്വാറന്റൈന്‍ നടപ്പിലാക്കിയാലും അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാധിക്കുമായിരുന്നില്ല. സെപ്തംബര്‍ 23നാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മോര്‍ഗന്‍, ബാന്റണ്‍, പാറ്റ് കമിന്‍സ് എന്നിവരാണ് കൊല്‍ക്കത്തയിലെ ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com