'നഷ്ടപരിഹാരം കിട്ടണം'- ബാഴ്‌സലോണയ്ക്ക് എതിരെ മുന്‍ കോച്ച് ക്വിക്കെ സെറ്റിയന്‍ കോടതിയില്‍

നഷ്ടപരിഹാരം കിട്ടണം- ബാഴ്‌സലോണയ്ക്ക് എതിരെ മുന്‍ കോച്ച് ക്വിക്കെ സെറ്റിയന്‍ കോടതിയില്‍
'നഷ്ടപരിഹാരം കിട്ടണം'- ബാഴ്‌സലോണയ്ക്ക് എതിരെ മുന്‍ കോച്ച് ക്വിക്കെ സെറ്റിയന്‍ കോടതിയില്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് 8-2ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം ബാഴ്‌സലോണ അധികൃതര്‍ക്ക് വിവാദമൊഴിഞ്ഞ നേരമില്ല. സൂപ്പര്‍ താരം ലയണല്‍ മെസി തനിക്ക് ടീമില്‍ തുടരാന്‍ താത്പര്യമില്ലെന്നും പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ വിവാദങ്ങള്‍ കൂടുതല്‍ കൊഴുത്തു. 

ബയേണിനോടുള്ള തോല്‍വിക്ക് പിന്നാലെയാണ് പരിശീലകന്‍ ക്വിക്കെ സെറ്റിയനെ ബാഴ്‌സലോണ പുറത്താക്കിയത്. പകരക്കാരനായി മുന്‍ താരവും ഹോളണ്ട് പരിശീലകനുമായ റൊണാള്‍ഡ് കോമാനെ ടീം നിയമിച്ചു. ടീമിനെ കോടതി കയറ്റാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവുമായുള്ള അഭിപ്രായ വ്യത്യാസമാണ് മെസിയെ ടീം വിടാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഫ്രീ ട്രാന്‍സ്ഫര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസി തുടരാന്‍ തീരുമാനിച്ചത്. 

ഇപ്പോഴിതാ ക്ലബിന് പുതിയ തലവേദനയായി മാറുകയാണ് മുന്‍ പരിശീലകന്‍ ക്വിക്കെ സെറ്റിയന്റെ നീക്കം. തന്നെ പുറത്താക്കിയത് സംബന്ധിച്ച് അദ്ദേഹം നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

തന്നെ പുറത്താക്കിയ രീതിയാണ് സെറ്റിയന്‍ ചോദ്യം ചെയ്യുന്നത്. പുറത്താക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും തനിക്ക് തന്നിരുന്നില്ല. ഏതാണ്ട് ഒരു മാസമായി പുറത്താക്കിയിട്ട്. പുറത്താക്കിയെന്ന് കാണിച്ചുള്ള കത്ത് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും സെറ്റിയന്‍ പറയുന്നു. 

പുറത്താക്കുമ്പോള്‍ കരാർ പ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പുകളും നടത്തിയിരുന്നില്ല. അതിനെക്കുറിച്ചൊന്നും ഇപ്പോഴയച്ച കത്തില്‍ പറയുന്നുമില്ല. കരാർ ലംഘനം നടത്തിയ വിഷയത്തിൽ 35 കോടിയിലധികം രൂപ നഷ്ടപരിഹാരം ബാഴ്‌സലോണ ക്ലബ് നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് അദ്ദേഹം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com