നേർക്കുനേർ രാഹുലും അയ്യരും; ടോസ് പഞ്ചാബിന്; ബൗളിങ് തിരഞ്ഞെടുത്തു

നേർക്കുനേർ രാഹുലും അയ്യരും; ടോസ് പഞ്ചാബിന്; ബൗളിങ് തിരഞ്ഞെടുത്തു
നേർക്കുനേർ രാഹുലും അയ്യരും; ടോസ് പഞ്ചാബിന്; ബൗളിങ് തിരഞ്ഞെടുത്തു

ദുബായ്: ഇതുവരെ കിരീട ഭാ​ഗ്യം കനിയാത്ത രണ്ട് ടീമുകൾ ഐപിഎൽ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ നേർക്കുനേർ വരുന്നു. ഡൽഹി ക്യാപ്പിറ്റൽസും കിങ്‌സ് ഇലവൻ പഞ്ചാബുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് ഇന്ത്യൻ യുവ താരങ്ങളാണ് ടീമുകളെ നയിക്കുന്നത്. പഞ്ചാബിനെ
കെഎൽ രാഹുലും ഡൽഹിയെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ടോസ് നേടി പഞ്ചാബ് ബൗളിങ് തിര‍ഞ്ഞെടുത്തു.

ഐപിഎല്ലിൽ എല്ലാ സീസണിലും കളിച്ചെങ്കിലും ഒരുതവണ പോലും ഫൈനലിലെത്താത്ത ഒരേയൊരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ ഇന്ത്യൻ യുവ താരങ്ങൾ അണിനിരക്കുന്ന ടീമിൽ ശിഖർ ധവാൻ, അജിൻക്യ രഹാനെ, ആർ അശ്വിൻ, ഇഷാന്ത് ശർമ തുടങ്ങി പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുമുണ്ട്. ഓസ്‌ട്രേലിക്കാരായ മാർക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി എന്നിവരും വെസ്റ്റിൻഡീസിന്റെ ഷിമ്രോൺ ഹെറ്റ്മെയറും ചേരുന്ന ബാറ്റിങ് ശക്തമാണ്. ആർ അശ്വിൻ, അക്ഷർ പട്ടേൽ, അമിത് മിശ്ര, സന്ദീപ് ലമിച്ചാനെ എന്നിവർ ഉൾപ്പെട്ട സ്പിൻ വിഭാഗവും ശക്തം.

മറുവശത്ത് ഇത്തവണത്തെ ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ പരിശീലകനായ ഒരേയൊരു ടീമാണ് പഞ്ചാബ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് കിങ്‌സ് ഇലവന്റെ പരിശീലകൻ. ക്രിസ് ഗെയ്ൽ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ വമ്പനടിക്കാരും ടീമിനൊപ്പമുണ്ട്. ഒപ്പം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ രാഹുലും ചേരുമ്പോൾ പഞ്ചാബ് ബാറ്റിങ് ശക്തമാണ്.

ഇംഗ്ലണ്ടിൽ നിന്ന് ഏകദിന പരമ്പരയ്ക്കു പിന്നാലെ യുഎഇയിലെത്തിയ മാക്‌സ്‌വെല്ലിന് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഞായറാഴ്ച കളത്തിലിറങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ താരം കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com