ഹാപ്പി ബര്‍ത്ത് ഡേ ഗെയ്ല്‍; പ്രായം തളര്‍ത്താത്ത 'യൂനിവേഴ്‌സ് ബോസ്'- വെടിക്കെട്ട് കാത്ത് ആരാധകര്‍

ഹാപ്പി ബര്‍ത്ത് ഡേ ഗെയ്ല്‍; പ്രായം തളര്‍ത്താത്ത യൂനിവേഴ്‌സ് ബോസ്; വെടിക്കെട്ട് കാത്ത് ആരാധകര്‍
ഹാപ്പി ബര്‍ത്ത് ഡേ ഗെയ്ല്‍; പ്രായം തളര്‍ത്താത്ത 'യൂനിവേഴ്‌സ് ബോസ്'- വെടിക്കെട്ട് കാത്ത് ആരാധകര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വലിയ ആകര്‍ഷകങ്ങളില്‍ ഒന്ന് വെസ്റ്റിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലാണ്. ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായ ഗെയ്ല്‍ തന്റെ 41ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 

വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും ആവേശത്തിന് ഒട്ടും കുറവില്ലാത്ത താരം ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളത്തിലിറങ്ങുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ആദ്യ മത്സരത്തില്‍ താരം കളിക്കാനിറങ്ങിയില്ലെങ്കിലും വരും ദിവസങ്ങളില്‍ യൂനിവേഴ്‌സ് ബോസിന്റെ വെടിക്കെട്ട് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഐപിഎല്ലില്‍ ശ്രദ്ധേയമായ മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തമായിട്ടുള്ള ഗെയ്ല്‍ പ്രഥമ ഐപിഎല്‍ മുതല്‍ വില പിടിച്ച താരമായി ഇന്നും തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി കളിച്ച ഗെയ്ല്‍ 2018ലാണ് പഞ്ചാബ് ടീമിലെത്തുന്നത്. 

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഐപിഎല്ലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്‌ലിന്റെ പേരിലാണ്. ആര്‍സിബിക്കായി കളിക്കുമ്പോള്‍ 2013ല്‍ പുനെ വാരിയേഴ്‌സിനെതിരെ നേടിയ 175 റണ്‍സാണ് ഐപിഎല്ലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ടി20യിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇതുതന്നെ.

700ല്‍ കൂടുതല്‍ റണ്‍സുകള്‍ രണ്ട് തവണ

ഐപിഎല്ലിലെ ഒരു സീസണില്‍ 700ല്‍ അധികം റണ്‍സ് രണ്ട് തവണ സ്വന്തമാക്കിയ ഒരേയൊരു താരവും ഗെയ്ല്‍ തന്നെ. 2012, 13 വര്‍ഷങ്ങളിലാണ് താരം 700 റണ്‍സ് പിന്നിട്ടത്. 2011 സീസണില്‍ 608 റണ്‍സും ഗെയ്ല്‍ അടിച്ചെടുത്തിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ സിക്‌സുകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സ്‌കിസറുകള്‍ നേടിയ താരവും മറ്റാരുമല്ല. ഇത്രയും വര്‍ഷത്തിനിടെ ഐപിഎല്ലില്‍ താരം 326 സിക്‌സുകളാണ് തൂക്കിയടിച്ചത്. രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ല്യേഴ്‌സിന്റെ സമ്പാദ്യം 212 സിക്‌സുകളാണ്. നിലവില്‍ സജീവ ക്രിക്കറ്റില്‍ തുടരുന്ന ഗെയ്ല്‍ ഇനിയും റെക്കോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിട്ടില്ല. കുറച്ചു കാലമായി വിന്‍ഡീസ് ടീമിലെ സ്ഥിരം സാന്നിധ്യമല്ല ഗെയ്ല്‍. വെസ്റ്റിന്‍ഡീസിനായി 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും ഗെയ്ല്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7214 റണ്‍സും ഏകദിനത്തില്‍ 10480 റണ്‍സും ടി20യില്‍ 1627 റണ്‍സുമാണ് നേടിയത്. രണ്ട് തവണ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായ ഗെയ്‌ലിന്റെ സ്‌ട്രൈക്ക് റേറ്റ് 142.84 ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com