അന്ന് ധോനി സിക്‌സ് പറത്തിയ പന്ത് ഒടുവില്‍ കണ്ടെത്തി, പന്ത് വന്ന് കൊണ്ട സീറ്റിന് ധോനിയുടെ പേര് 

ധോനി അന്ന് പറത്തിയ സിക്‌സിലെ പന്ത് ഗാവസ്‌കറിന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള വ്യക്തിക്കാണ് ലഭിച്ചത് എന്ന് കണ്ടെത്തി
അന്ന് ധോനി സിക്‌സ് പറത്തിയ പന്ത് ഒടുവില്‍ കണ്ടെത്തി, പന്ത് വന്ന് കൊണ്ട സീറ്റിന് ധോനിയുടെ പേര് 

മുംബൈ: 2011 ലോകകപ്പ് ഫൈനലില്‍ കിരീടം ഇന്ത്യയുടെ കൈകളിലേക്ക് വെച്ച് തന്ന് ധോനി സിക്‌സ് പറത്തിയ പന്ത് കണ്ടെത്തി. നുവാന്‍ കുലശേഖരയെ ധോനി ഗ്യാലറിയിലേക്ക് പായിച്ച പന്തും, പന്ത് വന്നുകൊണ്ട സീറ്റും പ്രത്യേകമായി ഒരുക്കാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പദ്ധതി. 

ധോനി അന്ന് പറത്തിയ സിക്‌സിലെ പന്ത് ഗാവസ്‌കറിന്റെ സുഹൃത്തിന്റെ പരിചയത്തിലുള്ള വ്യക്തിക്കാണ് ലഭിച്ചത് എന്ന് കണ്ടെത്തി. ഗാവസ്‌കര്‍ ഇക്കാര്യം എംസിഎയെ അറിയിച്ചു. എംസിഎ പവലിയനിലെ എല്‍ ബ്ലോക്കിലെ 210ാമത്തെ സീറ്റിലാണ് ധോനിയുടെ സിക്‌സ് വന്ന് കൊണ്ടത്. 

ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ആ സീറ്റ് ധോനിയുടെ പേരില്‍ മാറ്റി ആദരവര്‍പ്പിക്കുകയാണ് എംസിഎയുടെ പദ്ധതി. ആ സീറ്റില്‍ ലോഹഫലകം കൊണ്ട് അലങ്കരിക്കും. ലോകകപ്പ് ഫൈനലിലെ മാച്ച് ടിക്കറ്റും, ധോനിയുടെ സിക്‌സ് പറന്ന പന്തും അയാള്‍ സൂക്ഷിക്കുന്നതായാണ് ഗാവസ്‌കര്‍ അറിയിച്ചത്. 

ഗ്രൗണ്ടിലേക്ക് എത്തുന്ന കാണികള്‍ക്ക് ഇതിലൂടെ എവിടെയാണ് ധോനിയുടെ ചരിത്രത്തില്‍ ഇടം നേടിയ സിക്‌സ് വന്ന് വീണത് എന്ന് വ്യക്തമായി അറിയാനാവും. ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് എംസിഎ താരത്തിന് ആദരവര്‍പ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. വാങ്കഡെ സ്റ്റേഡിയം തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എംസിഎക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com