'അതിനുള്ള പഴി ഞാന്‍ ഏറ്റുവാങ്ങുന്നു', രണ്ട് വട്ടം രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ കോഹ്‌ലി

രാഹുലിന് രണ്ട് വട്ടം താന്‍ ജീവന്‍ തിരികെ നല്‍കിയില്ലായിരുന്നു എങ്കില്‍ പഞ്ചാബ് സ്‌കോര്‍ 200 കടക്കില്ലായിരുന്നു എന്നും ബാംഗ്ലൂര്‍ നായകന്‍ പറഞ്ഞു
'അതിനുള്ള പഴി ഞാന്‍ ഏറ്റുവാങ്ങുന്നു', രണ്ട് വട്ടം രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ കോഹ്‌ലി

ദുബായ്: രണ്ട് വട്ടം രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കോഹ്‌ലി. രാഹുലിന് രണ്ട് വട്ടം താന്‍ ജീവന്‍ തിരികെ നല്‍കിയില്ലായിരുന്നു എങ്കില്‍ പഞ്ചാബ് സ്‌കോര്‍ 200 കടക്കില്ലായിരുന്നു എന്നും ബാംഗ്ലൂര്‍ നായകന്‍ പറഞ്ഞു. 

മുന്‍പില്‍ നിന്ന് ഞാന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. നല്ല ദിവസം അല്ലായിരുന്നു. രാഹുല്‍ നിലയുറപ്പിച്ച് നില്‍ക്കുമ്പോള്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതിലൂടെ 35-40 റണ്‍സ് അധികം ഞങ്ങള്‍ നല്‍കി. 180ലേക്ക് അവരെ ഒതുക്കാനായെങ്കില്‍ ഇത്രയും സമ്മര്‍ദം ഞങ്ങളുടെ മേല്‍ വരില്ലായിരുന്നു, 97 റണ്‍സിന്റെ തോല്‍വിക്ക് പിന്നാലെ കോഹ്‌ലി പറഞ്ഞു. 

എവിടെയാണ് പിഴച്ചത് എന്ന് ഞങ്ങള്‍ക്കറിയാം. കളിക്കളത്തില്‍ ഇങ്ങനെ സംഭവിക്കുന്ന ദിവസങ്ങളുമുണ്ട്. അത് സംഭവിക്കും. നമ്മള്‍ അത് അംഗീകരിക്കണം. സണ്‍റൈസേഴ്‌സിനെതിരെ ഞങ്ങള്‍ നന്നായി കളിച്ചു. ഇപ്പോള്‍ ഒരു മോശം ഫലവും. തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് മുന്‍പോട്ട് പോവാനാണ് ശ്രമിക്കുകയെന്നും കോഹ് ലി വ്യക്തമാക്കി. 

സ്‌റ്റെയ്‌നിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു. 17ാം ഓവറിലായിരുന്നു അത്. ആറ് പന്തുകള്‍ക്ക് ശേഷം സെയ്‌നി രാഹുലിനെ പുറത്താക്കാന്‍ മറ്റൊരു അവസരം സൃഷ്ടിച്ചു. ഉയര്‍ന്ന് പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ് ലി ഓടിയെത്തിയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തി. ആദ്യത്തേത് വെച്ച് നോക്കുമ്പോള്‍ എളുപ്പം കൈക്കലാക്കാവുന്നതായിരുന്നു രണ്ടാമത്തേത്.

കളിയില്‍ തനിക്ക് മുന്‍പേ മൂന്നാമനായി ഫിലിപ്പിനെയാണ് കോഹ് ലി ക്രീസിലേക്ക് വിട്ടത്. മൂന്ന് പന്തുകള്‍ നേരിട്ട ഫിലിപ്പ് ഡക്കായി മടങ്ങി. ഇതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഫിലിപ്പ് മുന്‍നിരയില്‍ ബാറ്റിങ് ചെയ്തുവെന്നതാണ് കോഹ്‌ലി ചൂണ്ടിക്കാണിച്ചത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ആര്‍സിബിയെ തകര്‍ത്തായിരുന്നു കെ എല്‍ രാഹുലിന്റെ വെടിക്കെട്ട്. 69 പന്തില്‍ നിന്ന് 14 ഫോറും ഏഴ് സിക്‌സും പറത്തി 132 റണ്‍സോടെ രാഹുല്‍ പുറത്താവാതെ നിന്നു. 206 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ആര്‍സിബി 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ട്. നാല് കളിക്കാരാണ് ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നത്. ടോപ് സ്‌കോറര്‍ 30 റണ്‍സ് എടുത്ത വാഷിങ്ടണ്‍ സുന്ദര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com