ക്രിസ് ഗെയ്ല്‍ എവിടെ? കെ എല്‍ രാഹുലിന്റെ വിശദീകരണം, സീസണില്‍ അവസരം ലഭിച്ചേക്കില്ല

2018ല്‍ രണ്ട് കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബിനായി 858 റണ്‍സ് ഗെയ്ല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്
ക്രിസ് ഗെയ്ല്‍ എവിടെ? കെ എല്‍ രാഹുലിന്റെ വിശദീകരണം, സീസണില്‍ അവസരം ലഭിച്ചേക്കില്ല

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ട് മത്സരം പിന്നിടുമ്പോഴും ക്രിസ് ഗെയ്ല്‍ ടീമിലില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കൂറ്റന്‍ ജയത്തിന് പിന്നാലെ ക്രിസ് ഗെയ്‌ല് എവിടെ എന്ന ചോദ്യം നായകന്‍ കെ എല്‍ രാഹുലിനെ തേടിയെത്തി. പേടി വേണ്ടെന്നാണ് ഇവിടെ രാഹുലിന്റെ മറുപടി. 

ശരിയായ സമയത്ത് ക്രിസ് ഗെയ്ല്‍ എത്തും. അതിനെ കുറിച്ച് ആശങ്ക വേണ്ട. കളിക്കാതെ വീട്ടിലിരിക്കുക എന്നത് പ്രയാസമാണ്. അതിനാല്‍ കളിക്കാന്‍ ലഭിച്ച ഈ അവസരത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. ആദ്യ കളിയില്‍ മങ്ങിയെങ്കിലും ടീം അംഗങ്ങള്‍ ആസ്വദിച്ചാണ് ഇവിടെ കളിച്ചത്...രാഹുല്‍ പറഞ്ഞു. 

രാഹുലിന് ഒപ്പം ഗെയ്ല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഗെയ്‌ലിന് വേണ്ടി പ്രത്യേക പദ്ധതി കിങ്‌സ് ഇലവന് ഇല്ലെന്ന് സൂചനയാണ് രാഹുലിന്റെ പ്രതികരണത്തില്‍ നിന്ന് ലഭിക്കുന്നത്. പഞ്ചാബിന്റെ നായകനും, പരിശീലകനും മാറിയത് ഗെയ്‌ലിന് തിരിച്ചടിയായതായാണ് സൂചന. 

ആര്‍ അശ്വിന്‍ നായകനായിരുന്ന സമയം ഗെയ്‌ലിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നു. അശ്വിന് കീഴില്‍ രണ്ട് സീസണുകളിലായി 24 മത്സരമാണ് ഗെയ്ല്‍ കളിച്ചത്. കുംബ്ലേയുടെ വരവിന് പിന്നാലെയാണ് മധ്യനിരയില്‍ കളിച്ച മായങ്കിനെ ഓപ്പണിങ്ങിലേക്ക് കയറ്റിയത്. 

ഡല്‍ഹിക്കെതിരായ കളിയില്‍ 60 പന്തില്‍ നിന്ന് മായങ്ക് 89 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ പതിയെയാണ് തുടങ്ങിയത്. സീസണില്‍ ഉടനീളം രാഹുലിനൊപ്പം മായങ്ക് ബാറ്റ് ചെയ്യാനാണ് സാധ്യത. പഞ്ചാബിലെ വിദേശ കളിക്കാരില്‍ മാക്‌സ്വെല്ലും, കോട്രലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്നു. ബിഗ് ഹിറ്ററായ നിക്കോളാസ് പൂരനെയാണ് ഗെയ്‌ലിന് പകരമായി പഞ്ചാബ് പരിഗണിക്കുന്നത്. 2018ല്‍ രണ്ട് കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബിനായി 858 റണ്‍സ് ഗെയ്ല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com