ബൗളിങ് ചെയ്ഞ്ചില്‍ വീണ്ടും പൂര്‍ണ തോല്‍വിയായി കോഹ്‌ലി; പിഴച്ചത് മൂന്ന് ഇടങ്ങളില്‍ 

നെറ്റ്‌റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതില്‍ പിഴച്ചതിനൊപ്പം, ബാറ്റിങ് പൊസിഷനിലെ പരീക്ഷണവും, ബൗളിങ് മാറ്റങ്ങളും ആര്‍സിബിയെ പിന്നോട്ടടിച്ചു
ബൗളിങ് ചെയ്ഞ്ചില്‍ വീണ്ടും പൂര്‍ണ തോല്‍വിയായി കോഹ്‌ലി; പിഴച്ചത് മൂന്ന് ഇടങ്ങളില്‍ 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നേരിട്ട 97 റണ്‍സ് തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നിലേക്കാണ് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ വീണത്. രണ്ട് കളിയില്‍ നിന്ന് ഒരു തോല്‍വിയും ഒരു ജയവുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്ന ആര്‍സിബിയുടെ നെറ്റ്‌റണ്‍റേറ്റ് -2.175 ആണ്. നെറ്റ്‌റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതില്‍ പിഴച്ചതിനൊപ്പം, ബാറ്റിങ് പൊസിഷനിലെ പരീക്ഷണവും, ബൗളിങ് മാറ്റങ്ങളും ആര്‍സിബിയെ പിന്നോട്ടടിച്ചു. 

ബൗളിങ് മാറ്റങ്ങളില്‍ പിഴച്ച് കോഹ്‌ലി

പവര്‍പ്ലേയിലെ ബൗളിങ്ങിലാണ് വാഷിങ്ടണ്‍ സുന്ദറിന്റെ കരുത്ത്. എന്നാല്‍ ടീമിന്റെ അഞ്ചാം ബൗളറായാണ് വാഷിങ്ടണിന്റെ കൈകളിലേക്ക് കോഹ്‌ലി പന്ത് നല്‍കിയത്. വിക്കറ്റ് വീഴ്ത്തി രണ്ട് ഓവറില്‍ മികവ് കാണിച്ച ശിവം ദുബെയെ പഞ്ചാബ് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് കോഹ്‌ലി വീണ്ടും കൊണ്ടുവന്നത്. 

ആര്‍സിബിയുടെ ഏറ്റവും മികച്ച ബൗളറായ ചഹല്‍ തന്റെ ഫുള്‍ ക്വാട്ട ആദ്യം തന്നെ തീര്‍ത്തു. ഡെത്ത് ഓവറുകളില്‍ സെയ്‌നി നല്ല ഓപ്ഷനായിട്ടും അവസാന 5 ഓവറില്‍ ഒരെണ്ണം മാത്രമാണ് സെയ്‌നിയുടെ കൈകളിലേക്ക് എത്തിയത്. അവസാന ഓവറുകളില്‍ രാഹുലിന്റെ ആക്രമണത്തിന്റെ തീവ്രത മുഴുവന്‍ ഏറ്റുവാങ്ങിയത് സ്റ്റെയ്‌നും. അവസാന 5 ഓവറില്‍ 80 റണ്‍സ് ആണ് ആര്‍സിബി വഴങ്ങിയത്. ഡെത്ത് ഓവറുകളിലെ ദുസ്വപ്‌നം ഒരിക്കല്‍ കൂടി ആര്‍സിബിയെ വേട്ടയാടി. 

നെറ്റ റണ്‍റേറ്റ്

പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ് ഏറ്റവും മോശം നെറ്റ് റണ്‍റൈറ്റ് ഇപ്പോഴുള്ളത്, -2.450. പിന്നെ വരുന്നത് ബാംഗ്ലൂരും. ഒരു ഘട്ടത്തില്‍ 4-3ന് തകര്‍ന്ന ആര്‍സിബിയെ ഡിവില്ലിയേഴ്‌സും ഫിഞ്ചും ചേര്‍ന്ന് പിടിച്ചുയര്‍ത്തി 53-3ലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ നാല് പന്ത് വ്യത്യാസത്തില്‍ ഇരുവരും മടങ്ങിയതോടെ ബാംഗ്ലൂര്‍ വീണ്ടും വീണു. 

പിന്നാലെ വന്ന ശിവം ദുബെക്കും, വാഷിങ്ടണ്‍ സുന്ദറിവും തോല്‍വിയുടെ മാര്‍ജിന്‍ കുറക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന നെറ്റ്‌റണ്‍റേറ്റിലെ തിരിച്ചടി ബാംഗ്ലൂരിനെ ടൂര്‍ണമെന്റ് മുന്‍പോട്ട് പോവുമ്പോള്‍ തിരിച്ചടിച്ചേക്കും...

ഫിലിപ്പിന്റെ സ്ഥാന കയറ്റം

സീസണിലെ ആര്‍സിബിയുടെ ആദ്യ കളിയില്‍ രണ്ട് പന്തുകള്‍ മാത്രമാണ് ജോഷ് ഫിലിപ്പ് കളിച്ചത്. വിക്കറ്റ് കീപ്പിങ്ങിന് പിന്നിലും ബൈസിലൂടെ ഫിലിപ്പ് റണ്‍സ് വഴങ്ങി. ആത്മവിശ്വാസം ഇല്ലാതെ നില്‍ക്കുന്ന സമയമാണ് ഫിലിപ്പിനെ മൂന്നാം സ്ഥാനത്ത് ആര്‍സിബി ഇറക്കുന്നത്, ഡിവില്ലിയേഴ്‌സിനും കോഹ് ലിക്കും മുന്‍പില്‍. 

ഫിലിപ്പ് ക്രീസിലെത്തുന്ന സമയം 2-1 എന്നാണ് ആര്‍സിബിയുടെ സ്‌കോര്‍. മൂന്ന് പന്ത് നേരിട്ട് ഡക്കായി ഫിലിപ്പ് പവലിയനിലേക്ക് മടങ്ങി. വെസ്റ്റ് ഓസ്‌ട്രേലിയക്ക് വേണ്ടിയും ബിഗ് ബാഷ് ലീഗിലും ഫിലിപ്പ് ഓപ്പണ്‍ ചെയ്തതാണ് സ്ഥാനക്കയറ്റം നല്‍കാന്‍ കാരണമായി കോഹ്‌ലി പറഞ്ഞത്. എന്നാല്‍, കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തിലേക്ക് എത്താത്ത താരത്തെ നേരത്തെ ഇറക്കിയത് തിരിച്ചടിയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com