വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോനി, ഇന്ന് ഡല്‍ഹിക്കെതിരെ; റായിഡു കളിച്ചേക്കില്ല 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്
വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോനി, ഇന്ന് ഡല്‍ഹിക്കെതിരെ; റായിഡു കളിച്ചേക്കില്ല 

ദുബായ്: കഴിഞ്ഞ രണ്ട് കളികളില്‍ നിന്ന് രണ്ട് വ്യത്യസ്ത ഫലങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത്. സീസണിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിന് ചെന്നൈ ഇന്നിറങ്ങും. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് എതിരാളികള്‍. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്. ചെന്നൈക്ക് വേണ്ടി ആദ്യ കളിയില്‍ തിളങ്ങിയ റായിഡു ഡല്‍ഹിക്കെതിരെ കളിക്കാനുള്ള സാധ്യത വിരളമാണ്. ഇത് ധോനിക്കും കൂട്ടര്‍ക്കും തിരിച്ചടിയാവും. 

2015ല്‍ ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ച മുരളി വിജയിയും, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്‌സനുമാണ് ചെന്നൈയുടെ ഓപ്പണര്‍മാര്‍. കഴിഞ്ഞ രണ്ട് കളിയിലും ഇവര്‍ക്ക് മികവ് കണ്ടെത്താനായില്ല. ചെന്നൈ സംഘത്തില്‍ മറ്റ് സാധ്യതകള്‍ വിരളമായതിനാല്‍ ഡല്‍ഹിക്കെതിരേയും ഇവര്‍ തന്നെ ഓപ്പണ്‍ ചെയ്‌തേക്കും. 

ഡുപ്ലസിസ് ആണ് ചെന്നൈ നിരയില്‍ ഫോമില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍. റായിഡുവിന് പകരം രുതുരാജ് മധ്യനിരയില്‍ എത്തിയേക്കും. നാലാമതോ, അഞ്ചാമതോ ആണ് ധോനി ബാറ്റ് ചെയ്യേണ്ടത് എങ്കിലും സാഹചര്യത്തിന് അനുസരിച്ച് ബില്ലിങ്‌സ്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരെ മുകളിലേക്ക് ധോനി കയറ്റിയേക്കും. 

രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ ധോനിയുടെ നായകത്വം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഡല്‍ഹിക്കെതിരെ ബാറ്റിങ് പൊസിഷനില്‍ ധോനി മുകളിലേക്ക് കയറാന്‍ തയ്യാറാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജസ്ഥാനെതിരെ ഏഴാമതായാണ് ധോനി ഇറങ്ങിയത്. 

ഏറെ നാളായി ബാറ്റ് ചെയ്യാത്തതിനാലും, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരീക്ഷണം ആവാം എന്നതിനാലുമാണ് വിട്ടുനിന്നത് എന്നാണ് ധോനി പ്രതികരിച്ചത്. ബൗളര്‍മാരിലേക്ക് എത്തുമ്പോള്‍, രാജസ്ഥാനെതിരെ റണ്‍സ് വഴങ്ങിയെങ്കിലും ജഡേജക്കൊപ്പം പീയുഷ് ചൗള സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. പേസ് നിരയില്‍ ദീപക് ചഹറും, എന്‍ഗിഡിയും. 

ഇഷാന്ത് ശര്‍മയുടെ അഭാവത്തിലാവും ഡല്‍ഹി ഇറങ്ങുക. അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതയും വിരളമാണ്. അശ്വിന് പകരം അമിത് മിശ്ര ടീമിലേക്ക് എത്തിയേക്കും. മോഹിത് ശര്‍മക്ക് പകരം ഡല്‍ഹി നിരയില്‍ ആവേശ് ഖാന്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. 

ചെന്നൈ സാധ്യതാ ഇലവന്‍: വാട്‌സന്‍, മുരളി വിജയ്, ഡുപ്ലസിസ്, രുതുരാജ് ഗയ്കവാദ്, ധോനി, സാം കറാന്‍, കേദാര്‍ ജാദവ്, ജഡേജ, പീയുഷ് ചൗള, ദീപക് ചഹര്‍, എന്‍ഗിഡി. 

ഡല്‍ഹി സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഹെറ്റ്മയര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സ്റ്റൊയ്‌നിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, റബാഡ, നോര്‍ത്‌ജെ, ആവേശ് ഖാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com