ആദ്യ ജയം തേടി കൊല്‍ക്കത്തയും ഹൈദരാബാദും, 2018ലെ മാജിക് ആവര്‍ത്തിക്കാന്‍ റാഷിദ് ഖാന്‍ 

ശിവം മവി മികവ് കാണിച്ചെങ്കിലും കമിന്‍സും സന്ദീപ് വാര്യരും, കുല്‍ദീപും താളം കണ്ടെത്തിയിട്ടില്ല
ആദ്യ ജയം തേടി കൊല്‍ക്കത്തയും ഹൈദരാബാദും, 2018ലെ മാജിക് ആവര്‍ത്തിക്കാന്‍ റാഷിദ് ഖാന്‍ 

അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യ ജയം തേടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോട് 49 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് കൊല്‍ക്കത്തയുടെ വരവ്. ബാംഗ്ലൂരിന് മുന്‍പില്‍ 10 റണ്‍സിന് വാര്‍ണറുടെ സംഘം മുട്ടുകുത്തി. 

മധ്യനിരയാണ് ഇരു ടീമുകളേയും വലക്കുന്നത്. മോര്‍ഗനും റസലിനും അബുദാബിയിലെ സാഹചര്യങ്ങളോട് ഇണങ്ങാന്‍ കഴിയണം. ഡേവിഡ് വാര്‍ണറിലും ബെയര്‍സ്‌റ്റോയിലും കൂടുതലായി ആശ്രയിക്കുന്നതാണ് സണ്‍റൈസേഴ്‌സിന് തലവേദന. 

ബൗളിങ്ങിലേക്ക് വരുമ്പോള്‍ ശിവം മവി മികവ് കാണിച്ചെങ്കിലും കമിന്‍സും സന്ദീപ് വാര്യരും, കുല്‍ദീപും താളം കണ്ടെത്തിയിട്ടില്ല. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ 2018ല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും റാഷിദ് ഖാന്‍ പുറത്തെടുത്ത മികവ് സണ്‍റൈസേഴ്‌സിന് പ്രതീക്ഷ നല്‍കുന്നതാണ്. 

അന്ന് കൊല്‍ക്കത്തക്കെതിരെ 10 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത റാഷിദ്, മൂന്ന് വിക്കറ്റും വീഴ്ത്തി. ക്വാളിഫയര്‍ 2ലായിരുന്നു അത്. അന്ന് റാഷിദിനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിച്ചത്. 

അബുദാബിയിലും മഞ്ഞ് വിഷയമാവും. ഇത് ടോസ് നേടുന്ന ടീമിനെ ബൗളിങ് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിപ്പിക്കും. വലിയ ബൗണ്ടറികളായതിനെ തുടര്‍ന്ന് ബൗളര്‍മാര്‍ക്ക് കളിയില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ടോസ് കളിയെ ബാധിക്കില്ലെന്ന് വേണം വിലയിരുത്താന്‍. 

കൊല്‍ക്കത്ത സാധ്യതാ ഇലവന്‍: സുനില്‍ നരെയ്ന്‍, ഗില്‍, ദിനേശ് കാര്‍ത്തിക്, നിതീഷ് റാണ, മോര്‍ഗന്‍, റസല്‍, നിഖില്‍ നായിക്, കമിന്‍സ്, ശിവം മവി, സന്ദീപ് വാര്യര്‍, കുല്‍ദീപ് യാദവ്. 

സണ്‍റൈസേഴ്‌സ് സാധ്യതാ ഇലവന്‍: ബെയര്‍‌സ്റ്റോ, ഡേവിഡ് വാര്‍ണര്‍, വില്യംസണ്‍, ഫാബിയാന്‍ അലന്‍, മനീഷ് പാണ്ഡേ, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, എന്‍ നടരാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com