'35 ഡോട്ട് ബോളുകള്‍ അംഗീകരിക്കാനാവില്ല'; ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ഡേവിഡ് വാര്‍ണര്‍ 

'കളിയുടെ തുടക്കത്തില്‍ എന്താണോ ഞാന്‍ ചെയ്തത് അതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.'
'35 ഡോട്ട് ബോളുകള്‍ അംഗീകരിക്കാനാവില്ല'; ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ഡേവിഡ് വാര്‍ണര്‍ 

ദുബായ്: ഇന്നിങ്‌സില്‍ കൂടുതല്‍ ഡോട്ട് ബോളുകള്‍ വന്നത് തിരിച്ചടിയായെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. 35 ഡോട്ട് ബോളുകള്‍ എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കൊല്‍ക്കത്തക്കെതിരായ തോല്‍വിക്ക് പിന്നാലെ വാര്‍ണര്‍ പറഞ്ഞു. 

മുന്‍നിര കൂടുതല്‍ ശ്രമിക്കണം. എത്രത്തോളം പറ്റുന്നുവോ അത്രത്തോളം ശ്രമിക്കണം. വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ഞങ്ങള്‍ മികവ് കാണിച്ചു. എന്നാല്‍ ബൗണ്ടറി ശതമാനം കൂട്ടണം. ഇത്രയും ഡോട്ട് ബോളുകള്‍ ട്വന്റി20 ക്രിക്കറ്റില്‍ അംഗീകരിക്കാനാവില്ല. അതാവട്ടെ ബാറ്റിങ് എളുപ്പമായ പിച്ചില്‍. മധ്യനിരയില്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചില്ല...വാര്‍ണര്‍ ചൂണ്ടിക്കാട്ടി. 

'ഞങ്ങളുടെ ശക്തി ഡെത്ത് ബൗളിങ്ങിലാണ്. വിക്കറ്റ് സൂക്ഷിക്കാനായാല്‍ ജയിക്കാനാവുമെന്ന് കൊല്‍ക്കത്ത കാണിച്ചു തന്നു. കളിയുടെ തുടക്കത്തില്‍ എന്താണോ ഞാന്‍ ചെയ്തത് അതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.'

ടെസ്റ്റിലേത് പോലെ ലൈനിലും ലെങ്തിലുമാണ് കമിന്‍സ് പന്തെറിഞ്ഞത്. 30-40 റണ്‍സ് അധികം കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ കളിയില്‍ സാധ്യത നിലനിര്‍ത്താമായിരുന്നു, സീസണിലെ രണ്ടാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെ വാര്‍ണര്‍ പറഞ്ഞു. 

ടോസ് നേടിയ വാര്‍ണര്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഓപ്പണര്‍ ബെയര്‍‌സ്റ്റോയെ തുടക്കത്തിലെ നഷ്ടമായി. വാര്‍ണര്‍ 30 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തി 36 റണ്‍സ് നേടി. 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ മനീഷ് പാണ്ഡേയാണ് ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. ബൗണ്ടറികള്‍ കണ്ടെത്താന്‍ വിഷമിച്ച സാഹ 31 പന്തില്‍ നിന്നാണ് 30 റണ്‍സ് നേടിയത്. 

ഹൈദരാബാദ് ഉയര്‍ത്തിയ 142 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. 70 റണ്‍സോടെ പുറത്താവാതെ നിന്ന ഗില്ലും, 29 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ മോര്‍ഗനുമാണ് അനായാസ ജയത്തിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com