'ആ ഒരു പന്ത്  ഒഴിവാക്കിയതിന് നന്ദി തെവാതിയ'- രസകരമായ അഭിനന്ദന കുറിപ്പുമായി യുവരാജ് സിങ്

ആ ഒരു പന്ത്  ഒഴിവാക്കിയതിന് നന്ദി തെവാതിയ- രസകരമായ അഭിനന്ദന കുറിപ്പുമായി യുവരാജ് സിങ്
'ആ ഒരു പന്ത്  ഒഴിവാക്കിയതിന് നന്ദി തെവാതിയ'- രസകരമായ അഭിനന്ദന കുറിപ്പുമായി യുവരാജ് സിങ്

ഷാർജ: ഒരൊറ്റ രാത്രി കൊണ്ടാണ് രാഹുൽ തെവാതിയ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അനായാസ വിജയത്തിലേക്ക് നയിച്ചത് രാഹുൽ തെവാതിയയുടെ മിന്നലാക്രമണമായിരുന്നു. 224 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിനെ ഒരൊറ്റ ഓവറിൽ അഞ്ച് സിക്സറുകൾ പായിച്ചാണ് തെവാതിയ വിജയ തീരത്തെത്തിച്ചത്. കിങ്സ് ഇലവൻ പഞ്ചാബ് ബൗളൻ ഷെൽഡൺ കോട്രെൽ എറിഞ്ഞ 18-ാം ഓവറിലായിരുന്നു തെവാതിയയുടെ ഈ പ്രകടനം.

ഇന്നിങ്സിന്റെ തുടക്കത്തിൽ 21 പന്തിൽ നിന്ന് വെറും 14 റൺസ് മാത്രമെടുത്ത തെവാതിയയുടെ സ്കോർ കളി അവസാനിക്കുമ്പോൾ 31 പന്തിൽ 53 റൺസായിരുന്നു. നേരിട്ട അവാന 10 പന്തിൽ നേടിയത് 39 റൺസ്! 

ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ തെവാതിയക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. സോഷ്യൽ മീഡിയ നിറയെ തെവാതിയയുടെ മാസ്മരിക പ്രകടനമാണ് ട്രെൻഡിങ്. ഇന്ത്യയുടെ വെടിക്കെട്ട് താരം യുവരാജ് സിങ്ങും തെവാതിയയ്ക്ക് അഭിനന്ദനവുമായെത്തി.

ടി20യിൽ ഒരോവറിൽ ആറ് സിക്സ് അടിച്ച യുവരാജ് സിങ് ഒരോവറിൽ അഞ്ച് സിക്സടിച്ച തെവാതിയയെ വളരെ രസകരമായാണ് അഭിനന്ദിച്ചത്. താൻ ഓരോവറിൽ ആറ് സിക്സടിച്ചതിനെ പരോക്ഷമായി പറഞ്ഞാണ് യുവിയുടെ അഭിനന്ദനം. 'ഒരു പന്ത് മിസ് ചെയ്തതിന് നന്ദിയുണ്ട് തെവാതിയ' എന്നായിരുന്നു യുവിയുടെ ട്വീറ്റ്. 

മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗർവാളിനേയും സഞ്ജു സാംസണേയും യുവി അഭിനന്ദിച്ചു. 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരേ ആയിരുന്നു യുവരാജിന്റെ റെക്കോർഡ് പ്രകടനം. തെവാതിയ ഒരു പന്ത് മിസ് ചെയ്തതോടെ ആറ് പന്തിൽ ആറ് സിക്സ് അടിച്ച ഇന്ത്യക്കാരനെന്ന റെക്കോർഡ് യുവിയുടെ പേരിൽ തന്നെ തുടരുകയാണ്. ഇക്കാര്യം ഓർമിപ്പിക്കുന്നതായിരുന്നു യുവിയുടെ കുറിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com