'കേരള ഭക്ഷണം പിന്നെ കഴിക്കാം, 10 വര്‍ഷം ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ'; സഞ്ജുവിന്റെ കാഴ്ചപ്പാട് മാറ്റിയ കോഹ്‌ലിയുടെ വാക്കുകള്‍

കേരള ഭക്ഷണം പിന്നെ കഴിക്കാമെന്നും, ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കാനുമാണ് സഞ്ജുവിനോട് കോഹ്‌ലി നിര്‍ദേശിച്ചത്
'കേരള ഭക്ഷണം പിന്നെ കഴിക്കാം, 10 വര്‍ഷം ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ'; സഞ്ജുവിന്റെ കാഴ്ചപ്പാട് മാറ്റിയ കോഹ്‌ലിയുടെ വാക്കുകള്‍

ദുബായ്: ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ കോഹ്‌ലി നല്‍കിയ ഉപദേശം വെളിപ്പെടുത്തുകയാണ് ഐപിഎല്ലില്‍ ബിഗ് ഹിറ്റുകളിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചതിന് പിന്നാലെ സഞ്ജു. കേരള ഭക്ഷണം പിന്നെ കഴിക്കാമെന്നും, ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കാനുമാണ് സഞ്ജുവിനോട് കോഹ്‌ലി നിര്‍ദേശിച്ചത്. 

ഇന്ത്യന്‍ ടീമിനൊപ്പം ജിമ്മില്‍ പരിശീലിക്കുന്ന സമയം കോഹ് ലിയോട് പലവിധ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചു. പരിശീലനത്തെ കുറിച്ചും, ഫിറ്റ്‌നസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനെ കുറിച്ചുമെല്ലാം. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇടയില്‍ കോഹ് ലി എന്നോട് ചോദിച്ചു, സഞ്ജു, എത്ര വര്‍ഷമാണ് നീ ഇനി ക്രിക്കറ്റ് കളിക്കാന്‍ പോവുന്നത് എന്ന്...

ഇപ്പോഴെനിക്ക് 25 വയസായി. അടുത്ത 10 വര്‍ഷം കൂടി എനിക്ക് കളിക്കാനാവുമെന്ന് കോഹ് ലിയോട് പറഞ്ഞു. ഈ 10 വര്‍ഷത്തിന് ശേഷം നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമല്ലോ എന്നാണ് കോഹ് ലി എന്നോട് പറഞ്ഞത്. ഈ 10 വര്‍ഷം ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കൊടുത്ത്, കേരള ഭക്ഷണം ഉള്‍പ്പെടെയുള്ള ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാം. 10 വര്‍ഷത്തിന് ശേഷം പിന്നെ നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം, കോഹ് ലി ഓര്‍മിപ്പിച്ചതായി സഞ്ജു പറയുന്നു. 

അവിടെ കോഹ് ലി എന്റെ കാഴ്ചപ്പാട് മാറ്റി.കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായും രാജസ്ഥാന്റെ മലയാളി താരം പറഞ്ഞു. ഐപിഎല്‍ 13ാം സീസണില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് തന്നെ 159 റണ്‍സ് സഞ്ജു കണ്ടെത്തി കഴിഞ്ഞു. ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 32 പന്തില്‍ 74 റണ്‍സും, രണ്ടാമത്തേതില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ 85 റണ്‍സും അടിച്ചെടുത്താണ് സഞ്ജു വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com